പാക്കിസ്ഥാന്‍ സ്വദേശി ഫോണിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ വാതുവയ്പ്പ് നടത്തിയിരുന്നത്. വാതുവെയ്ക്കാന്‍ ആളുകളെ പ്രേരിപ്പിച്ച് വഞ്ചിച്ചെന്നും എഫ്ഐആറിലുണ്ട്.
മുംബൈ: പാക്കിസ്ഥാന്‍ സ്വദേശി ഫോണിലൂടെ നല്‍കുന്ന നിർദേശങ്ങളനുസരിച്ച് വാതുവയ്പ്പ് നടത്തി 2019ല്‍ നടന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫലത്തെ സ്വാധീനിക്കാന്‍ ചിലർ ശ്രമിച്ച സംഭവത്തില്‍ സിബിഐ കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍തന്നെ കോടികളുടെ ദുരൂഹ ഇടപാടുകൾ തെളിഞ്ഞതോടെ ഇതുവരെ രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്.
ദില്ലി സ്വദേശിയായ ദിലീപ് കുമാർ ഹൈദരാബാദ് സ്വദേശികളായ ഗുരം സതീശ്, ഗുരം വാസു എന്നിവരെയും പേരു വെളിപ്പെടുത്താതെ ചില സർക്കാർ ഉദ്യോഗസ്ഥരെയും വ്യക്തികളെയുമാണ് ആദ്യത്തെ കേസില്‍ പ്രതിചേർത്തിട്ടുള്ളത്. ഐപിസി 120 ബി, 420, 468, 471, പിസി ആക്ട് 1988 ലെ 13(1), (എ), R/W 13 (2) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ പ്രാഥമികമായി ചുമത്തിയിട്ടുള്ളത്. 2013 മുതല്‍ ഇവർ ക്രിക്കറ്റ് വാതുവയ്പ് നടത്തുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
undefined
പാക്കിസ്ഥാന്‍ സ്വദേശി ഫോണിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ വാതുവയ്പ്പ് നടത്തിയിരുന്നത്. വാതുവെയ്ക്കാന്‍ ആളുകളെ പ്രേരിപ്പിച്ച് വഞ്ചിച്ചെന്നും എഫ്ഐആറിലുണ്ട്. പണം സ്വീകരിക്കാനായി വ്യാജ രേഖകൾ നല്‍കിയാണ് അക്കൗണ്ടുകൾ തുറന്നത്. ഇത്തരത്തില്‍ സ്വീകരിച്ച പണം വിദേശങ്ങളിലുള്ളവർക്ക് ഹവാല ഇടപാടിലൂടെ കൈമാറിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ആരാണ് വഖാസ് മാലിക് ?
ദിലീപ് കുമാറും മറ്റ് രണ്ടുപേരും പാക്കിസ്ഥാന്‍ സ്വദേശിയായ വഖാസ് മാലിക്കിനെയാണ് ബന്ധപ്പെട്ടത്. എന്നാല്‍ കേസിലെ നിർണായക കണ്ണിയായ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ സിബിഐ വെളിപ്പെടുത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍തന്നെ ദിലീപ് കുമാർ വിവിധ ബാങ്കുകളിലായി പത്ത് അക്കൗണ്ടുകൾ തുറന്ന് പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൊന്നും സ്വാഭാവിക ഇടപാടുകളല്ല നടന്നത്. 2019 ലെ ഐപിഎല്‍ മത്സരങ്ങൾ നടക്കുമ്പോഴാണ് ഈ അക്കൗണ്ടുകളിലൂടെ സംശയകരമായ ഇടപാടുകൾ നടന്നത്.
ദിലീപ് കുമാറിന്‍റെ അക്കൗണ്ടുകളിലൂടെ 43 ലക്ഷത്തോളം രൂപയുടെ ഇടപാടുകളാണ് നടന്നത്. 2012 മുതല്‍ 2020 വരെ ഗുരം സതീശിന്‍റെ 6 അക്കൗണ്ടിലൂടെ 4.55 കോടിയുടെ ഇടപാടുകൾ നടന്നു. കൂടാതെ 3.5 ലക്ഷം രൂപ എത്തിയത് വിദേശത്തുനിന്നാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ ഗുരം വാസുവിന്‍റെ 3 അക്കൗണ്ടുകളിലൂടെ 5.37 കോടി രൂപയാണ് മറിഞ്ഞത്. വ്യാജ രേഖകൾ നല്‍കി തുറന്ന ഈ അക്കൗണ്ടുകളിലൂടെ നിർബാധം കോടികൾ ഒഴുകിയത് ബാങ്ക് ഉദ്യോഗസ്ഥരെയും സംശയനിഴലിലാക്കിയിട്ടുണ്ടെന്ന് എഫ്ഐആറിലുണ്ട്.
മേല്‍ സൂചിപ്പിച്ച അതേ വകുപ്പുകൾ തന്നെ ചുമത്തിയാണ് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാന്‍ സ്വദേശികളാ സജ്ജന്‍ സിംഗ്, പ്രഭുലാല്‍ മീണ, റാം അവതാർ, അമിത് കുമാർ ശർമ എന്നിവരെ കൂടാതെ ചില പേര് വെളിപ്പെടുത്താത്ത വ്യക്തികളെയും സർക്കാർ ഉദ്യോഗസ്ഥരെയും രണ്ടാമത്തെ കേസിലും പ്രതിചേർത്തിട്ടുണ്ട്. ഇവരും പാക്കിസ്ഥാന്‍ സ്വദേശിയായ പൗരനെ ഫോണിലൂടെ ബന്ധപ്പെട്ട് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്.
2010 മുതല്‍ 2020 വരെ സജ്ജന്‍ സിംഗിന്‍റെ 3 അക്കൗണ്ടുകളിലായി 33.23 ലക്ഷം രൂപയുടെ ദുരൂഹ ഇടപാടുകൾ നടന്നിട്ടുണ്ട്. വ്യാജ രേഖകൾ നല്‍കി തുറന്നതാണ് ഈ അക്കൗണ്ടുകളും. മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലൂടെയും ലക്ഷങ്ങളുടെ ദുരൂഹ ഇടപാടുകൾ നടന്നു. 2010 മുതല്‍ വാതുവയ്പ്പ് രംഗത്ത് സംഘം പ്രവർത്തിക്കുന്നുണ്ട്.
വാതുവയ്പ്പ് രാജ്യവ്യാപകം
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിയത് രാജ്യത്തെമ്പാടും നിന്നാണ്. മറ്റ് കുറ്റകൃത്യങ്ങൾക്കും പണം വകമാറ്റി ചിലവഴിച്ചിട്ടുണ്ടോയെന്നും സംശയമുണ്ടെന്ന് എഫ്ഐആറിലുണ്ട്. പാക് പൗരനുമായുള്ള പ്രതികളുടെ ബന്ധവും ഈ പശ്ചാത്തലത്തില്‍ ഗൗരവത്തോടെ കാണണം.