IPL 2022: കൊല്‍ക്കത്ത പരിശീലകസ്ഥാനത്തുനിന്ന് പടിയിറക്കത്തിനൊരുങ്ങി മക്കല്ലം, ഇനി പുതിയ റോളില്‍

By Gopalakrishnan C  |  First Published May 12, 2022, 5:59 PM IST

അതേസമയം, കൊല്‍ക്കത്ത ടീമില്‍ ഈ സീസണില്‍ നായകനായ ശ്രേയസ് അയ്യരുമായി മക്കല്ലം അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കളിക്കാരെ അടിക്കടി മാറ്റുന്ന കാര്യത്തിലും ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിമറിക്കുന്നതിലും മക്കല്ലവും ശ്രേയസും രണ്ട് തട്ടിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.


മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ(Kolkata Knight Riders ) ഈ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം(Brendon McCullum). സീസണൊടുവില്‍ കൊല്‍ക്കത്ത പരിശീലക സ്ഥാനം രാജിവെക്കുന്ന മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ(England men’s Test Team) പുതിയ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ട്.

സീസണൊടുവില്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് മക്കല്ലം കൊല്‍ക്കത്ത ടീം മാനേജ്മെന്‍റിനെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആദ്യ ഐപിഎല്‍ മുതല്‍ കൊല്‍ക്കത്ത ടീമില്‍ വിവിധ റോളുകളില്‍ മക്കല്ലം ഉണ്ടായിരുന്നു. ആദ്യ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കായി 158 റണ്‍സടിച്ചാണ് മക്കല്ലം ഐപിഎല്‍ പൂരത്തിന് ഇന്ത്യയില്‍ തിരികൊളുത്തിയത്.

Latest Videos

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം സെലക്ഷന്‍; ഗുരുതര ആരോപണവുമായി ശ്രേയസ്, നായകസ്ഥാനം നഷ്ടമാവും?

പിന്നീട് കൊല്‍ക്കത്തയുടെ നായകനായ മക്കല്ലം 2020ലാണ് ടീമിന്‍റെ മുഖ്യ പരിശീലകനായത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ മക്കല്ലത്തിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതതയിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിബാന്‍ഗോ നൈറ്റ് റൈഡേഴ്സിന്‍റെയും പരിശീലകനായിരുന്നു മക്കല്ലം.

അതേസമയം, കൊല്‍ക്കത്ത ടീമില്‍ ഈ സീസണില്‍ നായകനായ ശ്രേയസ് അയ്യരുമായി മക്കല്ലം അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കളിക്കാരെ അടിക്കടി മാറ്റുന്ന കാര്യത്തിലും ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിമറിക്കുന്നതിലും മക്കല്ലവും ശ്രേയസും രണ്ട് തട്ടിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരശേഷം ശ്രേയസ് ടീം തെരഞ്ഞെടുപ്പില്‍ കോച്ചും സിഇഒയും പലപ്പോഴും ഇടപെടാറുണ്ടെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.

ഇത്തവണ ഡയമണ്ട് ഡക്ക്! സംപൂജ്യനാകുന്നത് മൂന്നാം തവണ; രാഹുലിനെ ഔട്ടാക്കിയ ശ്രേയസിന്റെ ഫീല്‍ഡിംഗ്- വീഡിയോ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായിരുന്ന ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പരിശീലകനെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് മക്കല്ലത്തിനാണ് പ്രഥമ പരിഗണനയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

click me!