IPL 2022 : ബൗളര്‍മാരെ നോക്കേണ്ടതില്ല, അയാളെ പോലെ ബാറ്റ് ചെയ്യൂ; റിഷഭ് പന്തിനോട് രവി ശാസ്‌ത്രി

By Jomit Jose  |  First Published May 10, 2022, 6:25 PM IST

ഈ വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കേയാണ് ശാസ്‌ത്രിയുടെ ഉപദേശം എന്നതും ശ്രദ്ധേയമാണ്


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) നായകന്‍ റിഷഭ് പന്തിന് (Rishabh Pant) നിര്‍ണായക ഉപദേശവുമായി ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി (Ravi Shastri). ടി20യില്‍ (T20) ആന്ദ്രേ റസല്‍ (Andre Russell) മാതൃകയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയാണ് റിഷഭ് ചെയ്യേണ്ടത് എന്നാണ് ശാസ്‌ത്രിയുടെ നിര്‍ദേശം. ഈ വര്‍ഷം ടി20 ലോകകപ്പ് (ICC Men's T20 World Cup 2022) വരാനിരിക്കേയാണ് ശാസ്‌ത്രിയുടെ ഉപദേശം എന്നതും ശ്രദ്ധേയമാണ്. 

'നന്നായി ആക്രമിച്ച് കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല. ബൗളര്‍മാര്‍ ആരെന്ന് ആലോചിക്കുകയേ വേണ്ട. ആക്രമിച്ച് കളിക്കുക. റസലിന് കൃത്യമായ പദ്ധതിയുണ്ട്. ട്രാക്കിലായാല്‍ ആന്ദ്രേ റസലിനെ ആര്‍ക്കും പിടിച്ചുകെട്ടാനാവില്ല. പിന്തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ആക്രമിച്ച് കളിക്കും. അതേ മാതൃകയില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. അങ്ങനെ കളിച്ചാല്‍ ടി20യില്‍ റിഷഭ് പന്തില്‍ നിന്ന് ശ്രദ്ധേയ ഇന്നിംഗ്‌സുകള്‍ പ്രതീക്ഷിക്കാം. മികച്ച തുടക്കം പന്തിന് മുതലാക്കാന്‍ കഴിയുന്നില്ലെങ്കിലും അദേഹം കളിശൈലി മാറ്റേണ്ടതില്ല' എന്നും രവി ശാസ്‌ത്രി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയിലെ ചര്‍ച്ചയില്‍ പറഞ്ഞു. 

Latest Videos

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മികച്ച തുടക്കം ടീമിന്‍റെ വിജയത്തിന് മുതല്‍ക്കൂട്ടാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് റിഷഭ് പന്ത്. സീസണിലെ 11 മത്സരങ്ങളില്‍ 152.71 സ്‌ട്രൈക്ക് റേറ്റില്‍ 281 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. ഇക്കുറി 11 മത്സരങ്ങളില്‍ അഞ്ച് ജയവുമായി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചാലേ പ്ലേ ഓഫിന് യോഗ്യത നേടാനാവൂ. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹിയുടെ അവസാന മത്സരങ്ങള്‍.

അതേസമയം രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടക്കുമെന്നാണ് റിഷഭ് പന്ത് നല്‍കുന്ന സൂചന. ''ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം വരുന്ന മൂന്ന് മത്സരങ്ങളും ജയിക്കുകയെന്നതാണ്. എന്നാല്‍ ഒന്നും എളുപ്പമല്ല. ടീമിലെ ചിലര്‍ പൂര്‍ണമായും ഫിറ്റല്ല. എന്നാല്‍ അതൊരു ഒഴിവുകഴിവായി ഞാന്‍ പറയുന്നില്ല. തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ''-  പന്ത് പറഞ്ഞു. 

IPL 2022 : സഞ്ജുവും സംഘവും ഒന്നു കരുതിയിരുന്നോ! വലിയ മുന്നറിയിപ്പ് നല്‍കി റിഷഭ് പന്ത്

click me!