IPL 2022 : എലിമിനേറ്ററിലെ വിജയത്തിനിടയിലും ആര്‍സിബിക്ക് മോശം റെക്കോര്‍ഡ്; കെ എല്‍ രാഹുല്‍ ആധിപത്യം തുടരുന്നു

By Web Team  |  First Published May 26, 2022, 12:26 PM IST

ലഖ്‌നൗവിനെതിരെ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ജയിച്ചെങ്കിലും ഒരു മോശം റെക്കോര്‍ഡ് ആര്‍സിബിയുടെ അക്കൗണ്ടിലായി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വഴങ്ങുന്ന ടീമായിരിക്കുകയാണ് ആര്‍സിബി.


കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്നാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) ഐപിഎല്‍ പ്ലേ ഓഫിന് യോഗ്യത നേടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്താന്‍ ടീമിന് സാധിച്ചില്ല. ഇത്തവണ ഫൈനലിനടുത്താണ് ആര്‍സിബി. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ (LSG) തോല്‍പ്പിച്ച ആര്‍സിബി എലിമിനേറ്റര്‍ കടമ്പ കടന്നിരുന്നു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സാണ് (Rajasthan Royals) ആര്‍സിബിയുടെ എതിരാളി.

ലഖ്‌നൗവിനെതിരെ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ജയിച്ചെങ്കിലും ഒരു മോശം റെക്കോര്‍ഡ് ആര്‍സിബിയുടെ അക്കൗണ്ടിലായി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വഴങ്ങുന്ന ടീമായിരിക്കുകയാണ് ആര്‍സിബി. ഈ സീസണില്‍ 136 സിക്സ് വഴങ്ങിയതോടെയാണ് മോശം റെക്കോര്‍ഡ് ആര്‍സിബിയുടെ അക്കൗണ്ടിലായത്. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 135 സിക്സ് വഴങ്ങിയിരുന്നു. അതാണ് പിന്നിലായതത്. 

Latest Videos

അതേവര്‍ഷം 131 സിക്‌സുകള്‍ വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാമതുണ്ട്. 2020ല്‍ 128 സിക്‌സ് വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നാലാം സ്ഥാനത്തായി. അതേസമയം, ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആര്‍സിബിക്കെതിരെ തന്റെ ആധിപത്യം തുടരുന്ന കാഴ്ച്ചയാണ് കവിഞ്ഞ ദിവസവും കണ്ടത്. ഇന്നലെ 58 പന്തില്‍ 79 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് കുറവായിരുന്നു. ലഖ്‌നൗവിന്റെ തോല്‍വിക്ക് പ്രധാന കാരണം രാഹുലിന്റെ ഇന്നിംഗ്‌സാണെന്ന് വിലയിരുത്തുന്നവരുണ്ട്.

2020ന് ശേഷം ആര്‍സിബിക്കെതിരെ മികച്ച റെക്കോര്‍ഡാണ് രാഹുലിന്. ഇന്നലത്തെ പ്രകടനം ഉള്‍പ്പെടെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 432 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ മൂന്ന് തവണയും രാഹുലിനെ പുറത്താക്കാന്‍ ആര്‍സിബിക്കായില്ല. ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 2020ല്‍ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. 69 പന്തില്‍ നിന്ന് നിന്നായിരുന്നു നേട്ടം. അതേ സീസണിലെ രണ്ടാം മത്സരത്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്നു. 

2021ലെ ആദ്യ മത്സരത്തില്‍ 57 പന്തില്‍ 91 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ടാം മത്സരത്തില്‍ നേടിയത് 39 റണ്‍സ്. ഇത്തവണ ആദ്യ മത്സരത്തില്‍ 24 പന്തില്‍ 30 റണ്‍സാണ് രാഹുല്‍ നേടിയത്. ഇന്നലെ 79 റണ്‍സും രാഹുല്‍ നേടി.

രാഹുലിന്റെ ഇന്നിംഗ്‌സിനിടയിലും ലഖ്‌നൗ 14 റണ്‍സിന് തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്.
 

click me!