ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ മികവ് കാട്ടിയെന്ന് പറയുന്നു അക്‌തര്‍. എന്നാല്‍ താരം ഇനിയുമേറെ ശ്രദ്ധിക്കാനുണ്ട് എന്നും അക്‌തര്‍.
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) ഫൈനലിലെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya). ഇതോടെ ഭാവി ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് 28കാരന്‍റെ പേരും സജീവമായുണ്ടാകും എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനും നായകപദവിയില്‍ എത്താനും ഹാര്‍ദിക് ഇനിയുമേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് എന്നാണ് പാക് പേസ് എക്‌സ്‌പ്രസ് ഷൊയൈബ് അക്‌തറിന്‍റെ(Shoaib Akhtar) പക്ഷം.
ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ മികവ് കാട്ടിയെന്ന് പറയുന്നു അക്‌തര്‍. എന്നാല്‍ താരം ഇനിയുമേറെ ശ്രദ്ധിക്കാനുണ്ട് എന്ന് അക്‌തര്‍ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു. 'ഹാര്‍ദിക് പാണ്ഡ്യ ഒരു നിലവാരം കാത്തുസൂക്ഷിച്ചാണ് മടങ്ങുന്നത് എന്ന് നിസംശയം പറയാം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്‍റെ പേര് പാണ്ഡ്യ മുന്നോട്ടുവെക്കുന്നുണ്ട്. രോഹിത് ശര്‍മ്മ എത്രകാലം നായകനായിരിക്കും എന്നറിയില്ല. ഇന്ത്യന്‍ ടീമിന്‍റെ നായകനായിരിക്കുക എളുപ്പമല്ല. ഹാര്‍ദിക് നായകശേഷി തെളിയിച്ചു. എന്നാല്‍ ഫിറ്റ്‌നസിലും ബൗളിംഗിലും ഇനിയുമേറെ ശ്രദ്ധിക്കാനുണ്ട്. നല്ല ആരോഗ്യാവസ്ഥയിലായിരുന്നപ്പോള്‍ ടീമിലേക്ക് സ്വാഭാവികമായി എത്തുന്ന ഓള്‍റൗണ്ടറായിരുന്നു അദേഹം. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഒഴിവില്ല' എന്നും ഷൊയൈബ് അക്‌തര്‍ പറഞ്ഞു.
undefined
പാണ്ഡ്യക്ക് ഇത് അഭിമാന സീസണ്‍
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 കളികളില്‍ 45.30 ശരാശരിയിലും 132.84 സ്‌ട്രൈക്ക് റേറ്റിലും പാണ്ഡ്യ 453 റണ്‍സ് നേടി. സീസണിലെ ആദ്യപാതിയില്‍ പന്തെറിഞ്ഞ പാണ്ഡ്യ 7.73 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റ് നേടി.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. ടീമിന്‍റെ ആദ്യ റോയല്‍ നായകനായ ഷെയ്‌ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം.
കണക്കില്‍ മുന്‍തൂക്കം ഗുജറാത്തിന്
അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു ജയം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് ടൈറ്റന്‍സ് നേടിയത്. ആദ്യ നേര്‍ക്കുനേര്‍ പോരില്‍ ഗുജറാത്ത് 37 റൺസിന് ജയിക്കുകയായിരുന്നു. 52 പന്തിൽ പുറത്താവാതെ 87* റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്.
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെതിരെ ഗുജറാത്ത് ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‍ലറുടെ 89 റൺസിന്‍റെയും സഞ്ജു സാംസണിന്‍റെ 47 റൺസിന്‍റേയും മികവിൽ രാജസ്ഥാൻ 188 റൺസെടുത്തു. എന്നാൽ മൂന്ന് പന്ത് ശേഷിക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. ഹാർദിക് പാണ്ഡ്യ 40* റൺസുമായും ഡേവിഡ് മില്ലർ 68* റൺസുമായും പുറത്താവാതെ നിന്നു. പേസര്‍ പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സർ പറത്തിയാണ് മില്ലർ ടൈറ്റൻസിനെ ഫൈനലിൽ എത്തിച്ചത്.