കൊവിഡ് പരിശോധന ഫലം പുറത്ത്; ധോണി പരിശീലനത്തിനായി ചെന്നൈയിലേക്ക്

By Web Team  |  First Published Aug 13, 2020, 6:24 PM IST

കൊവിഡ് സാഹചര്യത്തില്‍ ബിസിസിഐ തയ്യാറാക്കിയിരിക്കുന്ന പ്രോട്ടോക്കോള്‍ പ്രകാരമാണ് ധോണി പരിശോധനയ്‌ക്ക് വിധേയനായത്


റാഞ്ചി: ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി മുന്‍നിശ്‌ചയിച്ച പ്രകാരംതന്നെ പരിശീലനത്തിനിറങ്ങും. ചെന്നൈയിലേക്ക് യാത്രതിരിക്കും മുന്നോടിയായുള്ള കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവായതോടെയാണിത്. കൊവിഡ് സാഹചര്യത്തില്‍ ബിസിസിഐ തയ്യാറാക്കിയിരിക്കുന്ന പ്രോട്ടോക്കോള്‍ പ്രകാരമാണ് ധോണി പരിശോധനയ്‌ക്ക് വിധേയനായത്. 

Latest Videos

undefined

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ അവസാനിച്ച ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ക്രീസിലേക്ക് തിരിച്ചെത്തുന്ന ടൂര്‍ണമെന്‍റാണ് ഐപിഎല്‍. അതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് 'തല'യുടെ ബാറ്റിംഗിനായി കാത്തിരിക്കുന്നത്. ധോണിയുടെ ക്രിക്കറ്റ് ഭാവി സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഇത്തവണ ഐപിഎല്ലിന്‍റെ പ്രാധാന്യം കൂട്ടുന്നു. 

ഓഗസ്റ്റ് 15 മുതല്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് സിഎസ്‌കെയുടെ പരിശീലനം. ഇതിനായി താരങ്ങള്‍ നാളെ ചെന്നൈയിലെത്തും. ധോണിക്ക് പുറമെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, അമ്പാട്ടി റായുഡു എന്നിവരാണ് ചെന്നൈയിലെ പരിശീലന ക്യാമ്പില്‍ ചേരുക. എന്നാല്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിശീലനത്തില്‍ പങ്കെടുക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. ബൗളിംഗ് കോച്ച് ബാലാജിയുടെ നേതൃത്വത്തിലാണ് ചെപ്പോക്കിലെ പരിശീലനം. 

ധോണിയുള്‍പ്പെടുന്ന താരങ്ങളുടെ സംഘം ഓഗസ്റ്റ് 21ന് ദുബായിലേക്ക് തിരിക്കും. പരിശീലനം നഷ്‌ടമാകുമെങ്കിലും രവീന്ദ്ര ജഡേജയും ഒപ്പമുണ്ടാകും. മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും സഹ പരിശീലകന്‍ മൈക്ക് ഹസിയും ഓഗസ്റ്റ് 22ന് നേരിട്ട് ദുബായിലെത്തും. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലസിസ്, ലുങ്കി എന്‍ഗിഡി എന്നിവര്‍ സെപ്റ്റംബര്‍ ഒന്നിന് ശേഷമാകും ദുബായില്‍ എത്തുകയെന്നാണ് കരുതുന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്‍. 

ഒരു സംശയവും വേണ്ട, ധോണി 40 വയസ് വരെ ക്രിക്കറ്റില്‍ തുടരും;  ഷെയ്ന്‍ വാട്‌സണ്‍

ഐപിഎല്‍ 2020: സിവ ധോണിയുടെ കുസൃതി ആരാധകര്‍ക്ക് കാണാനാവില്ല!

click me!