കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമില്‍ കളിച്ച താരം ആ ജയത്തെ കുറിച്ച് പറയുന്നതിങ്ങനെ.ധോണിയുടെ സംഭാവനകള്‍ വിസ്‌മരിച്ചാണ് താരം സംസാരിച്ചത്.
ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തുമ്പോള്‍ 'തല' എം എസ് ധോണിയുടെ നായക മികവ് കൂടിയുണ്ടായിരുന്നു. വയസന്‍പട എന്ന് സീസണിന്‍റെ തുടക്കത്തില്‍ പഴികേട്ട ടീമിനെ വെച്ച് കപ്പുയര്‍ത്തി അത്ഭുതം കാട്ടുകയായിരുന്നു മഹി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമില്‍ കളിച്ച ഒരു താരം ആ ജയത്തെ കുറിച്ച് പറയുന്നതിങ്ങനെ. ധോണിയുടെ സംഭാവനകള്‍ വിസ്‌മരിച്ചാണ് താരം സംസാരിച്ചത്.
'ടീമിന്‍റെ ഒന്നാകെയുള്ള പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കപ്പ് സമ്മാനിച്ചത്. അമ്പാട്ടി റായുഡുവിന്‍റെ സ്ഥിരതയും വാട്‌സണിന്‍റെ ബ്രില്യന്‍സുമെല്ലാം ഉണ്ടായിരുന്നു എന്നത് ശരിയാണ്. ജയിച്ച മത്സരങ്ങളൊക്കെ നോക്കുകയാണെങ്കില്‍ ഓരോ മത്സരത്തിലും ഓരോ താരങ്ങളാണ് വിജയശില്‍പികളായതെന്നും സാം ബില്ലിങ്‌സ് പറഞ്ഞു. കഴിഞ്ഞ സീസണിലാണ് ബില്ലിങ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്.
വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ആദ്യ ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. 47 റണ്‍സെടുത്ത നായകന്‍ കെയ്‌ന്‍ വില്യംസനായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗ്ല്‍ ഷെയ്‌ന്‍ വാട്‌സണിന്‍റെ വെടിക്കെട്ട് സെഞ്ചുറിയില്‍ ചെന്നൈ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. വാട്‌സന്‍ 57 പന്തില്‍ 11 ബൗണ്ടറിയും എട്ട് സിക്‌സും സഹിതം 117 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.