26 ഇന്നിംഗ്‌സുകള്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറാണ് 2021 ട്വന്‍റി 20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പേസര്‍
ഇന്‍ഡോര്‍: ടി20 ലോകകപ്പിന് സജ്ജമോ ഇന്ത്യന്‍ ബൗളിംഗ് നിര. ഡെത്ത് ഓവറുകളില്‍ വാങ്ങിക്കൂട്ടുന്ന നാടന്‍ തല്ല് കണ്ടാലറിയാം ഇന്ത്യന്‍ ബൗളിംഗ് നിരയുടെ നിലവിലെ ദയനീയാവസ്ഥ. പ്രത്യേകിച്ച് പേസര്‍മാരാണ് ലക്ഷ്യബോധമില്ലാതെ പന്തെറിയുന്നത്. പരിക്കും ടീമിനെ വലയ്‌ക്കുന്നു. പേസര്‍ ജസ്പ്രീത് ബുമ്രയും സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇക്കുറി ലോകകപ്പ് തുടങ്ങും മുമ്പേ സ്ക്വാഡില്‍ നിന്ന് പരിക്കേറ്റ് പുറത്തായതോടെ ആശങ്കകള്‍ ഇരട്ടിയായി. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യന്‍ പേസര്‍മാരുടെ കണക്കുകള്‍ വായിച്ചാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനും ആരാധകര്‍ക്കും തലവേദന വീണ്ടും ഇരട്ടിയാവും.
26 ഇന്നിംഗ്‌സുകള്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറാണ് 2021 ട്വന്‍റി 20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പേസ് ബൗളര്‍. 35 വിക്കറ്റ് നേടിയപ്പോള്‍ ഭുവിക്ക് 7.2 എന്ന ഇക്കോണമിയേയുള്ളൂ എന്നത് നേട്ടം. എന്നാല്‍ ഡെത്ത് ഓവറിലെ മോശം പ്രകടനമാണ് ഭുവനേശ്വറിനെ അലട്ടുന്ന ഘടകം. ബുമ്രയുടെ അഭാവത്തില്‍ ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരു ഡെത്ത് ഓവര്‍ ആശങ്ക. ഐപിഎല്ലില്‍ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായി വാഴ്‌ത്തപ്പെട്ടിട്ടും നീലക്കുപായത്തില്‍ 21 ഇന്നിംഗ്‌സുകള്‍ കളിച്ച ഹര്‍ഷല്‍ ഈ വര്‍ഷമാകെ 9 ഇക്കോണമി വഴങ്ങി. നേടിയത് 26 വിക്കറ്റുകളും. അതേസമയം ഇവരേക്കാള്‍ ജൂനിയറായിട്ടും 13 ഇന്നിംഗ്‌സുകള്‍ കളിച്ച് അര്‍ഷ്‌ദീപ് സിംഗ് 8.1 ഇക്കോണമിയില്‍ 19 വിക്കറ്റ് നേടിയത് ലോകകപ്പിന് മുമ്പ് ടീമിന് ആശ്വാസമാണ്.
അതേസമയം ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്, ഉമേഷ് യാദവ് തുടങ്ങിയവരുടെ പ്രകടനങ്ങളൊന്നും ആശ്വാസകരമല്ല. മികച്ച ഓള്‍റൗണ്ടറായി തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിഞ്ഞ ലോകകപ്പിന് ശേഷം ടി20യില്‍ 8.7 ഇക്കോണമിയില്‍ 12 വിക്കറ്റുണ്ട്. ദീപക് ചാഹറിന് 9 ഇന്നിംഗ്‌സില്‍ 8.6 ഇക്കോണമിയില്‍ എട്ട് വിക്കറ്റും വെങ്കടേഷ് അയ്യര്‍ക്ക് 4 ഇന്നിംഗ്‌സില്‍ 8.2 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റും ജസ്പ്രീത് ബുമ്രക്ക് 5 ഇന്നിംഗ്‌സില്‍ 7.9 ഇക്കോണമിയില്‍ 4 വിക്കറ്റും മുഹമ്മദ് സിറാജിന് 2 ഇന്നിംഗ്‌സില്‍ 7.6 ഇക്കോണമിയില്‍ രണ്ട് വിക്കറ്റും ഷര്‍ദുല്‍ ഠാക്കൂറിന് ഒരിന്നിംഗ്‌സില്‍ 8.3 ഇക്കോണമിയില്‍ രണ്ട് വിക്കറ്റും ഉമ്രാന്‍ മാലിക്കിന് മൂന്ന് ഇന്നിംഗ്‌സില്‍ 12.4 ഇക്കോണമിയില്‍ രണ്ടും ഉമേഷ് യാദവിന് 1 ഇന്നിംഗ്‌സില്‍ 13.5 ഇക്കോണമിയില്‍ രണ്ടും വിക്കറ്റുമാണ് നേട്ടം. ഇന്‍ഡോറിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20ക്ക് മുമ്പ് വരെയുള്ള കണക്കുകളാണിത്.
മില്ലര്‍ക്ക് പിന്നാലെ ഡികോക്കും; ടി20യില്‍ പുതു ചരിത്രം