കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിന് പകരം ഓപ്പണറായി എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു സഹഓപ്പണര്‍.
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയ 52 റണ്‍സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാന്‍ സാധിച്ചത്.
കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിന് പകരം ഓപ്പണറായി എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു സഹഓപ്പണര്‍. എന്നാല്‍ രണ്ട് പേരും നിരാശപ്പെടുത്തി. രോഹിത്തിന് വെറും മൂന്ന് റണ്‍സെടുക്കാനാണ് സാധിച്ചത്. പന്താവട്ടെ 17 പന്തുകള്‍ നേരിട്ട് വെറും ഒമ്പത് റണ്‍സാണ് നേടിയത്. ഇരുവരുടേയും ഫോമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതും.
ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് മുമ്പും ഇരുവരും ഫോംഔട്ടായിരുന്നു. പന്തിന് പകരം ദിനേശ് കാര്‍ത്തികിനെയാണ് ടീം മാനേജ്‌മെന്റ് ഏറെ പരിഗണിച്ചിരുന്നത്. അതേസമയം, സൂര്യകുമാര്‍ തന്റെ സ്വപ്‌നഫോം തുടരുന്നു. 35 പന്തുകളില്‍ നിന്നാണ് സൂര്യ 52 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് വീത ഫോറും സിക്‌സും ഉള്‍പ്പെട്ടിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 29 റണ്‍സെടുത്തു. പാണ്ഡ്യക്ക് പുറമെ ദീപക് ഹൂഡ (22), ദിനേശ് കാര്‍ത്തിക് (19) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി ജേസന്‍ ബഹ്‌റന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് അര്‍ഷ്ദീപ് സിംഗിന്റെ ബൗളിംഗ് പ്രകടനമാണ്. മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം തുടരുകയാണ് അര്‍ഷ്ദീപ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സാം ഫാന്നിംഗ് ഓസ്‌ട്രേലിയക്കായി 58 റണ്‍സ് നേടി.