ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടം, ചരിത്രമെഴുതാൻ രോഹിത്; കന്നിക്കിരീടത്തിന് മാർക്രം

By Web Team  |  First Published Jun 29, 2024, 9:44 AM IST

2013ന് ശേഷമുള്ള ആദ്യ ഐസിസി കിരീടത്തിന് സമയമായെന്ന് കരുതാൻ ഇന്ത്യൻ ആരാധകര്‍ക്ക് പല കാരണങ്ങളുണ്ട്.


ബാര്‍ബ‍ഡോസ്: ടി20യിലെ ലോക ചാമ്പ്യന്മാരാകാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ബാർബഡോസിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് (പ്രാദേശിക സമയം രാവിലെ 10.30) ഫൈനല്‍. 17 വര്‍ഷം മുമ്പ് തുടങ്ങിയ ടി20 ലോകകപ്പില്‍ ഇതുവരെ എട്ട് ലോകകപ്പ് ടൂര്‍ണമെന്‍റുകള്‍ നടന്നു. മൂന്ന് നായകന്മാ‍ർ ഇന്ത്യയെ നയിച്ചു. എന്നാല്‍ 2007ല്‍  ജൊഹാനസ്ബർഗിൽ ധോണിയുടെ നായകത്വത്തില്‍ പാകിസ്ഥാനെ വീഴ്ത്തി കന്നിക്കിരീടം നേടിയ മഹാവിജന്‍റെ ആവ‍ർത്തനം പിന്നീടൊരിക്കലും സംഭവിച്ചില്ല. രണ്ടാമതൊടും ടി20 ലോകകപ്പ് കിരീടം തേടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ തീർത്ഥാടനം പൂര്‍ത്തിയാകുമോ എന്ന് ഇന്നറിയാനാവും.

2013ന് ശേഷമുള്ള ആദ്യ ഐസിസി കിരീടത്തിന് സമയമായെന്ന് കരുതാൻ ഇന്ത്യൻ ആരാധകര്‍ക്ക് പല കാരണങ്ങളുണ്ട്. ബാറ്റിംഗിലെ യാഥാസ്ഥിതികവാദം വിട്ട് ട്രെൻഡിന് അനുസരിച്ച് നീങ്ങാൻ പേടിയില്ലാത്ത യുവാക്കൾ. അവർക്ക് വഴികാട്ടാൻ ഉശിരുള്ളൊരു നായകൻ. പന്തെടുത്താൽ തീതുപ്പുന്ന പേസ‍ർമാർ. ഏത് വമ്പനെയും കറക്കിവീഴ്ത്താൻ കെൽപ്പുള്ള ജാലവിദ്യക്കാർ. നായകനായി കിരീടം കൈവിട്ട മണ്ണിൽ ലോകകിരീടവുമായി പടിയിറങ്ങാനൊരുങ്ങുന്ന പരിശീലകൻ രാഹുല്‍ ദ്രാവിഡ്.

Latest Videos

undefined

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?; ബാര്‍ബഡോസിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

മറുവശത്ത് ദക്ഷിണാഫ്രിക്കക്കാട്ടെ ഇത് ആദ്യ ഐസിസി കിരീടത്തിനുള്ള അവസരമാണ്. നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ മുന്‍ഗാമികളെല്ലാം മഴയിലും കളിയിലും വീണപോയപ്പോള്‍ ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരം. ഇതാദ്യമായാണ് ദക്ഷിണഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങുന്നത്. പടിക്കല്‍ കലമുടക്കുന്നവരെന്ന ചീത്തപ്പേര് ദീര്‍ഘനാളായി പേറുന്നവരാണ് ദക്ഷിണാഫ്രിക്ക. സമീപകാലത്ത് ഇന്ത്യക്കും ആ പേര് നന്നായി ചേരുമെന്ന് എതിരാളികള്‍ പറയുന്നതിനാല്‍ ഇന്ന് ജയിക്കുന്നവരാരായാലും അവര്‍ പുതിയ ചരിത്രമെഴുതും.

ലോകകപ്പ് ഫൈനലില്‍ ശിവം ദുബെക്ക് പകരം സഞ്ജു സാംസണോ?; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അപരാജിതരായാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ഇന്ത്യ തുടര്‍ച്ചയായി ഏഴ് കളികളില്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് മത്സരങ്ങള്‍ ജയിച്ചു. ഇന്ന് ജയിച്ചാല്‍ നായകനെന്ന നിലയില്‍ വിരാട് കോലിക്ക് ഒരുപടി മുകളിലേക്ക് ഉയരാനും ധോണിക്കൊപ്പമെത്താനും രോഹിത്തിനാവും. തോറ്റാല്‍ പിന്നെ വീണ്ടുമൊരു അങ്കത്തിന് ബാല്യമുണ്ടാകുമോ എന്ന് കണ്ടറിയേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!