ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലും മിന്നും പ്രകടനം സഞ്ജു തുടരുമ്പോള്‍ പ്രശംസകൊണ്ട് മൂടുകയാണ് സുഹൃത്തും ഇന്ത്യയുടെ സീനിയർ സ്‍പിന്നറുമായ ആർ അശ്വിന്‍
ദില്ലി: രണ്ടാം വരവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ കാട്ടുകയാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസണ്‍. 2022 സഞ്ജുവിന്‍റെ രാജ്യാന്തര കരിയറിലെ മിന്നും വർഷമാണ്. ടി20യിലും ഏകദിനങ്ങളിലും കിട്ടിയ അവസരങ്ങളില്‍ സഞ്ജു മികവ് കാട്ടി. ഫിനിഷിംഗ് മികവിനൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുത്തുന്നതിലും സ്ഥിരത കാട്ടുന്നതിലും സഞ്ജു ഈ വർഷം മികച്ചുനിന്നു. ഏറ്റവും ഒടുവിലായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലും മിന്നും പ്രകടനം സഞ്ജു തുടരുമ്പോള്‍ പ്രശംസകൊണ്ട് മൂടുകയാണ് സുഹൃത്തും ഇന്ത്യയുടെ സീനിയർ സ്‍പിന്നറുമായ ആർ അശ്വിന്‍.
'നിലവിലെ പ്രകടനം സഞ്ജു സാംസണ് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സഞ്ജു മികച്ച താരമാണ്. അതിനൊപ്പം നല്ലൊരു മനുഷ്യനുമാണ്. വളരെ ശാന്തനാണ് അദ്ദേഹം. അസാധാരണമായ പ്രതിഭയാണ് സഞ്ജു. അത് എല്ലാവർക്കും അറിയുന്ന യാഥാർഥ്യമാണ്. ആദ്യ ഏകദിനത്തില്‍ വിജയത്തിനടുത്ത് വരെ സഞ്ജു തന്‍റെ ഇന്നിംഗ്സ് കൊണ്ടുപോയി. സഞ്ജു സാംസണ്‍ 2.0 വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകും' എന്നും രവി അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്തായിരുന്നില്ല. 63 പന്തില്‍ 86*, 36 പന്തില്‍ 30* എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിലെ സ്കോറുകള്‍. ഇന്ന് ദില്ലിയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തിലും ശ്രദ്ധാകേന്ദ്രം സഞ്ജുവാണ്. ഇന്ന് ജയിക്കുന്ന ടീം പരമ്പര നേടും. ദില്ലിയില്‍ ഒന്നരയ്ക്ക് മത്സരം തുടങ്ങും.
സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍, സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.