ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സെപ്റ്റംബര്‍ 28ന് കാര്യവട്ടത്ത് നടക്കുന്നത്
തിരുവനന്തപുരം: ഈമാസം 28ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യുടെ ടിക്കറ്റ് വിൽപന നാളെ തുടങ്ങും. ടിക്കറ്റ് വിൽപന വൈകിട്ട് ആറരയ്ക്ക് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ടിക്കറ്റുകൾ ഏഴരമുതൽ ആളുകൾക്ക് സ്വന്തമാക്കാം. മത്സരത്തിന്‍റെ ടീസര്‍ വീഡിയോയുടെ പ്രകാശനം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സഞ്ജു സാംസണെ ആദരിക്കും.
കെസിഎ പ്രസിഡന്‍റ് സജന്‍ കെ വര്‍ഗ്ഗീസ്, ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കെസിഎ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍, ജോയിന്‍റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് കാര്യവട്ടത്ത് നടക്കുമ്പോള്‍ രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തിയതി ഇന്‍ഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ലക്നോവില്‍ ആദ്യ ഏകദിനവും ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ദില്ലിയില്‍ മൂന്നാം കളിയും നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ടി20 സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ), ആർ അശ്വിന്‍, യുസ്‍വേന്ദ്ര ചാഹല്‍, അക്സർ പട്ടേല്‍, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.
സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം! ആദ്യമായി പ്രതികരിച്ച് മലയാളി താരം