പാഠം പഠിക്കുന്നില്ല, കോലി വീണ്ടും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍

By Web Team  |  First Published Aug 29, 2021, 1:18 PM IST

ഏതൊക്കെ പന്തുകള്‍ കളിക്കണം ഏതൊക്കെ വിടണം എന്ന ഷോട്ട് സെലക്ഷന്‍ നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ കോലി വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. ചില പന്തുകള്‍ കളിക്കേണ്ട കാര്യം പോലുമില്ല. നാലാം സ്റ്റംപില്‍ വരുന്ന പന്ത് കളിച്ചുവെങ്കില്‍ പോട്ടെയെന്ന് വെക്കാം. ഇത് അഞ്ചും ആറും സ്റ്റംപുകളില്‍ വരുന്ന പന്തുകോള്‍ പോലും കളിക്കാന്‍ ശ്രമിക്കുകയാണ്.


ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും സ്ലിപ്പിലോ വിക്കറ്റ് കീപ്പര്‍ക്കോ ക്യാച്ച് നല്‍കി മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഷോട്ട് സെലക്ഷനില്‍ വീണ്ടും നിരാശപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ക്രീസിന് പുറത്തു നിന്ന് കോലി ബാറ്റു ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും പക്ഷെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ പോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുകയും അടിസ്ഥാന പാഠം പോലും മറന്ന് പന്തിനെ ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പന്ത് എഡ്ജ് ചെയ്ത് കീപ്പറുടെ കൈകളിലോ സ്ലിപ്പിലോ എത്തുന്നത്. അതുകൊണ്ടുതന്നെ ഷോട്ട് സെലക്ഷനില്‍ കോലി എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ അദ്ദേഹം ക്രീസിന് പുറത്തുനിന്ന് ബാറ്റ് ചെയ്യുന്നതിനെ കുറ്റം പറയാനാവില്ല. കാരണം ടെസ്റ്റില്‍ 8000 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അതില്‍ 6500 റണ്‍സും ഇങ്ങനെ നേടിയതായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ല.

Latest Videos

പക്ഷെ റണ്‍ നേടാനുള്ള ആവേശത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നതെങ്കില്‍ കഴിഞ്ഞ കളിയില്‍ പൂജാര അത് ചെയ്തു. പക്ഷെ അപ്പോഴും ഏതൊക്കെ പന്തുകള്‍ കളിക്കണം ഏതൊക്കെ വിടണം എന്ന ഷോട്ട് സെലക്ഷന്‍ നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ കോലി വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. ചില പന്തുകള്‍ കളിക്കേണ്ട കാര്യം പോലുമില്ല. നാലാം സ്റ്റംപില്‍ വരുന്ന പന്ത് കളിച്ചുവെങ്കില്‍ പോട്ടെയെന്ന് വെക്കാം. ഇത് അഞ്ചും ആറും സ്റ്റംപുകളില്‍ വരുന്ന പന്തുകോള്‍ പോലും കളിക്കാന്‍ ശ്രമിക്കുകയാണ്.

അത്തരം പന്തുകളില്‍ ബാറ്റുവെക്കേണ്ട ആവശ്യമേയില്ല. പന്തുകള്‍ കളിക്കാതെ വിടുന്നതില്‍ ഒരു പ്രശ്‌നവും വിചാരിക്കേണ്ട കാര്യമില്ലെന്ന് കോലി മനസിലാക്കണം. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ പോലും ഇംഗ്ലണ്ടില്‍ പലവട്ടം  ബീറ്റണാവാറുണ്ട്. ശരീരത്തിനോട് ചേര്‍ന്ന് കളിക്കാന്‍ ശ്രമിച്ചിട്ട് പന്ത് ബീറ്റണാവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന എല്ലാ പന്തിലും ബാറ്റ് വെക്കേണ്ട കാര്യമില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

click me!