ലോർഡ്സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം, ഇം​ഗ്ലണ്ടിനെ വീഴ്ത്തിയത് 151 റൺസിന്

By Web Team  |  First Published Aug 16, 2021, 11:12 PM IST

സ്കോർ ഇന്ത്യ 364, 298-8, ഇം​ഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.


ലോര്‍ഡ്‌സ്: തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേറ്റ് ടീം ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ 151 റൺസ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ  ഇന്ത്യ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇം​ഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇം​ഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽ കുത്തി തല ഉയർത്തി.

മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇം​ഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്കോർ ഇന്ത്യ 364, 298-8, ഇം​ഗ്ലണ്ട് 391, 120. സ്കോർ ഇന്ത്യ 364, 298-8, ഇം​ഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലാണ് കളിയിലെ താരം.

Latest Videos

തുടക്കത്തിലെ ഇം​ഗ്ലണ്ട് ഞെട്ടി

272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടങ്ങിയത്. ബുമ്രയുടെയും ഷമിയുടെയും ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരായ റോറി, ബേൺസും(0), ഡൊമനിക് സിബ്ലിയും(0) ഡ്രസ്സിം​ഗ് റൂമിൽ തിരിച്ചെത്തി. ഹസീബ് ഹമീദിനെ(9) കൂട്ടുപിടിച്ച് ക്യാപ്റ്റൻ ജോ റൂട്ട് ഇം​ഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച തടയാൻ ശ്രമിച്ചെങ്കിലും ഹമീദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇഷാന്ത് ശർമ ആ പ്രതീക്ഷ പൊളിച്ചു. ചായക്ക് മുമ്പുള്ള അവസാന പന്തിൽ ജോണി ബെയർസ്റ്റോയെ കൂടി വിക്കറ്റിന് മുന്നിൽ കുടുക്കി ഇഷാന്ത് ഏൽപ്പിച്ച ഇരട്ടപ്രഹരത്തിൽ ഇം​ഗ്ലണ്ട് പിന്നീട് കരകയറിയില്ല.

റൂട്ട് പിഴുത് ബുമ്ര

ജോ റൂട്ടിന്റെ ബാറ്റിം​ഗിലായിരുന്നു ഇം​ഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും. എന്നാൽ ചായക്കുശേഷമുള്ള ആദ്യ ഓവറിൽ തന്നെ റൂട്ടിനെ വേരോടെ പിഴുത് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകകളിലെത്തിച്ച് ബുമ്ര ആ പ്രതീക്ഷയും എറിഞ്ഞിട്ടു. ജോസ് ബട്ലർ തുടക്കത്തിലെ നൽകിയ ക്യാച്ച് കോലി കൈവിട്ടെങ്കിലും മറുവശത്ത് മൊയിൻ അലിയെയും സാം കറനെയും നിലയുറപ്പിക്കാൻ അനുവദിക്കാതെ മുഹമ്മദ് സിറാജ് ഇന്ത്യയെ വിജയത്തോടെ അടുപ്പിച്ചു.

റോബിൻസണെ വീഴ്ത്തിയ ബുമ്രയുടെ സ്ലോ ബോൾ

ഇഷാന്ത് ശർമ ബാറ്റിം​ഗിനിറങ്ങിയപ്പോൾ സ്ലോ ബോളിലൂടെ വീഴ്ത്തിയ മാർക്ക് റോബിൻസണെ അതേ സ്ലോ ബോളിൽ വീഴ്ത്തി ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. മറുവശത്ത് കോട്ട കാത്ത ജോസ് ബട്ലറെയും ജെയിംസ് ആൻഡേഴ്സണെയും ഒരോവറിൽ മടക്കി സിറാജ് ഇം​ഗ്ലണ്ടിന്റെ അവസാന പ്രതിരോധവും തകർത്ത് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

വാലിൽ കുത്തി തല ഉയർത്തി ഇന്ത്യ

ആറിന് 181 എന്ന നിലയിൽ അവസാനദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത റിഷഭ് പന്ത് വീണതോടെ ഇന്ത്യൻ ലീഡ് 200 കടക്കില്ലെന്ന് ഉറപ്പിച്ച ഇം​ഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യം ഇഷാന്ത് ശര്‍മയും പിന്നീഷ് മുഹമ്മദ് ഷമിയും ജസ്പ്രീത്പ ബുമ്രയും നടത്തിയ ചെറുത്തുനിൽപ്പാണ് മാന്യമായ ലീഡ് സമ്മാനിച്ചത്.

ഇന്നലത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് പന്ത് (22) ആദ്യം മടങ്ങി. പിന്നാലെ ഇശാന്ത് (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് വിക്കറ്റുകളും റോബിന്‍സണിനായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷമി- ബുമ്ര സഖ്യം ഇന്ത്യയുടെ ലീഡ് 250 കടത്തി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. മൊയീന്‍ അലിക്കെതിരെ സിക്‌സടിച്ചാണ് ഷമി അര്‍ധ സെഞ്ചുറി നേടിയത്. ഇരുവരും ഒമ്പതാം വിക്കറ്റിൽ  87 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

click me!