നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രാദേശിക നെറ്റ് ബൗലര്‍മാര്‍ രണ്ടുതവണ ക്ലീന്‍ ബൗള്‍ഡായി.
കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട്-ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാനാകും. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ചാമ്പ്യൻസ് ട്രോഫി തയാറെടുപ്പുകള്‍ ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിന്‍റെ ശ്രമം.
കോലി തിരിച്ചെത്തുമ്പോള്‍ ആര് പുറത്താകും
ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്ന വിരാട് കോലി ഇന്ന് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. വിരാട് കോലി തിരിച്ചെത്തിയാല്‍ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവും. ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്സ്വാളാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നായിരുന്നു നേരത്തെയുള്ള സൂചനയെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലി തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യരാകും പുറത്താകുക.
അവന്‍ ടീമിലെത്തിയത് ദൈവത്തിന്‍റെ ഇടപെടല്‍ കാരണം;ശ്രേയസ് പ്ലേയിംഗ് ഇലവനിലെത്തിയതിനെക്കുറിച്ച് ഹർഭജന്‍
ശനിയാഴ്ച നടന്ന ഓപ്ഷ്ണൽ നെറ്റ് സെഷനില്‍ ശ്രേയസ് പങ്കെടുക്കാതിരുന്നത് ഇതിന്‍റെ സൂചനയാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലി ഇന്നലെ ഒരു മണിക്കൂറോളം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. നിര്‍ബന്ധിത നെറ്റ് സെഷനല്ലാതിരുന്നതിനാല്‍ ശ്രേയസിന് പുറമെ മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ എന്നിവരും ഇന്നലെ നെറ്റ് സെഷനില്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രാദേശിക നെറ്റ് ബൗളര്‍മാര്‍ രണ്ടുതവണ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി കളിയുടെ ഗതി മാറ്റിയെങ്കിലും ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മങ്ങിയ ഫോം യശസ്വിയെ മാറ്റാതിരിക്കാന്‍ കാരണമായി പറയപ്പെടുന്നു. ബൗളിംഗ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക