അശ്വിന്‍റെയും ജഡേജയുടെയും ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ബംഗ്ലാദേശ്; ചെന്നൈ ടെസ്റ്റില്‍ ഓള്‍ ഔട്ടായി ഇന്ത്യ

By Web Team  |  First Published Sep 20, 2024, 10:56 AM IST

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോളെടുത്ത ബംഗ്ലാദേശിന്‍റെ തന്ത്രമാണ് മത്സരത്തില്‍ വഴിത്തിരിവായത്.


ചെന്നൈ: ഇന്ത്യക്കെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി പൊരുതി ആര്‍ അശ്വിന്‍റെയും അര്‍ധസെഞ്ചുറിയുമായി പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജയുടെയും പോരാട്ടം അവസാനിപ്പിച്ച് ബംഗ്ലാദേശ്. 339-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 376 റണ്‍സിന് ഓള്‍ ഔട്ടായി. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്. 113 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോളെടുത്ത ബംഗ്ലാദേശിന്‍റെ തന്ത്രമാണ് മത്സരത്തില്‍ വഴിത്തിരിവായത്. ആദ്യ മണിക്കൂറുകളില്‍ ന്യൂബോളില്‍ മികച്ച സ്വിംഗും സീമും ലഭിച്ചോടെ ബംഗ്ലാദേശി പേസര്‍മാരായ ടസ്കിന്‍ അഹമ്മദും ഹസന്‍ മഹ്മൂദും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ 86 റണ്‍സുമായി ജഡേജ ടസ്കിന്‍ അഹമ്മദിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി മടങ്ങി. ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ജഡേജ പുറത്തായത്. 10 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.

Latest Videos

ദുലീപ് ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി സഞ്ജു സാംസണ്‍, സെഞ്ചുറി തികച്ചത് 95 പന്തില്‍; പിന്നാലെ പുറത്ത്

ജഡജേക്ക് പിന്നാലെ ക്രീസിലെത്തിയ ആകാശ് ദീപ് നാലു ബൗണ്ടറികള്‍ നേടി 17 റണ്‍സെടുത്തെങ്കിലും സ്കോര്‍ 350 കടന്നതിന് പിന്നാലെ ടസ്കിന്‍ അഹമ്മദിന് മുന്നില്‍ വീണു. പിന്നീട് ജസ്പ്രീത് ബുമ്രയെ(6) കൂട്ടുപിടിച്ച് അശ്വിൻ ഇന്ത്യയെ 374ല്‍ എത്തിച്ചെങ്കിലും ടസ്കിന്‍ തന്നെ അശ്വിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. 133 പന്തില്‍ 113 റണ്‍സെടുത്ത അശ്വിന്‍ 11 ബൗണ്ടറിയും രണ്ട് സിക്സറും നേടിയാണ് പുറത്തായത്.

അശ്വിന്‍ മടങ്ങിയതിന് പിന്നാലെ ബുമ്രയെ വീഴ്ത്തിയ ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചതിനൊപ്പം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് 83 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ടസ്കിന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!