ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഗ്വാളിയോറില്‍ നടക്കും.
ഗ്വാളിയോര്‍: ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് മത്സരം.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള കലാപത്തിൽ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടുവെന്നും അതുകൊണ്ട് ബംഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഇന്ന് ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മത്സരത്തിനിടെ പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗ്വാളിയോറില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
മത്സരത്തിലേക്ക് വന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ടി20യില്‍ ഓപ്പണറായി അരങ്ങേറുന്ന പരമ്പര കൂടിയായിരിക്കും ഇത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണറായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ഇന്ന് സഞ്ജുവാകും അഭിഷേകിനൊപ്പം ഇറങ്ങുകയെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
undefined
ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച പേസര്‍ മായങ്ക് യാദവ് ഇന്ന് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറുമോ എന്നതാണ് ആരാധകരുടെ മറ്റൊരു ആകാംക്ഷ. മായങ്കിനൊപ്പം പേസ് നിരയില്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാകും ഉണ്ടാകുക. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അവസരമുണ്ടാകാന്‍ ഇടയില്ല. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്ണോയിയുമായിരിക്കും സ്പിന്നര്‍മാരുടെ റോളില്‍.ശിവം ദുബെ പരിക്കേറ്റ് പുറത്തായ സാഹചര്യക്കില്‍ റിങ്കു സിംഗിനൊപ്പം റിയാന്‍ പരാഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. പകരക്കാരനായി എത്തിയ തിലക് വര്‍മക്ക് ആദ്യ മത്സരത്തില്‍ അവസരമുണ്ടാകില്ല.
ആദ്യ ടി20ക്കുള്ള ടീം ഇവരില്‍ നിന്ന്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.