ആദ്യ മൂന്ന് ദിവസങ്ങളില്‍ സിഡ്നിയില്‍ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം.
സ്ഡിനി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് നാളെ സിഡ്നിയില്‍ തുടക്കമാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയും ആരാധകരും ആഗ്രഹിക്കുന്നില്ല. സ്ഡിനിയില്‍ തോല്‍വിയോ സമനിലയയോ വഴങ്ങേണ്ടിവന്നാല്‍ അതോടെ ലോക ടെസ്റ്റ് ചാമ്പ്യൻപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ സ്വപ്നങ്ങളും ഒലിച്ചുപോകും. ബ്രിസ്ബേനില്‍ ഇന്ത്യയെ മഴ രക്ഷിച്ചെങ്കില്‍ മെല്‍ബണിലും മഴ പെയ്തിരുന്നെങ്കിലും ഓസ്ട്രേലിയയുടെ വിജയം തടയാൻ അതിനായില്ല.
ആദ്യ മൂന്ന് ദിവസങ്ങളില്‍ സിഡ്നിയില്‍ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. ഇതില്‍ തന്നെ മൂന്നും നാലും ദിവസങ്ങള്‍ ഏറ്റവും ചൂടേറിയ ദിവസങ്ങളുമായിരിക്കും സിഡ്നിയില്‍. ഈ ദിവസങ്ങളില്‍ താപനില 34 ഡിഗ്രിവരെയയായി ഉയരുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം.എന്നാല്‍ മത്സരത്തിന്‍റെ അവസാന ദിനമായ ചൊവ്വാഴ്ച അവസാന സെഷനില്‍ മഴമൂലം മത്സരം തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അക്യുവെതര്‍ പ്രവചിക്കുന്നു. അവസാന ദിനം ആകാശം മേഘാവൃതമായിരിക്കുമെന്നും ഉച്ചക്ക് ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മെല്‍ബണിലെപ്പോലെ മത്സരം അവസാന സെഷനിലേക്ക് നീണ്ടാല്‍ മഴ മത്സരഫലത്തെ സ്വാധീനിക്കാന്‍ ഇടയുണ്ട്. മഴമൂലം മത്സരം സമനിലയായാല്‍ ഓസ്ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിലേക്ക് ഒരുപടി കൂടി അടുക്കാം. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 0-2ന് തോല്‍ക്കാതിരുന്നാല്‍ ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദക്ഷിണാഫ്രിക്കക്കൊപ്പം ഓസ്ട്രേലിയയും യോഗ്യത നേടും.
സിഡ്നിയില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനാവു. പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച് ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി. മഴ തടസപ്പെടുത്തിയ ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ജയിച്ച് ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക