സമീപകാലത്തും സിഡ്നിയിൽ സമനിലക്കളികളാണ് കൂടുതലും കണ്ടുവരുന്നത്. സിഡ്നിയില്‍ ഇന്ത്യ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളും സമനിലയില്‍ പിരിയുകയായിരുന്നു.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ സിഡ്നിയില്‍ ഇറങ്ങുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകുമെന്ന ആശങ്കയിലാണ് ഇന്ത്യൻ ടീമും ആരാധകരും. സിഡ്നിയില്‍ ജയിച്ചാല്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് നിലനിര്‍ത്താം. ഒപ്പം പരമ്പര സമനിലയാക്കി മുഖം രക്ഷിക്കാനാകുമാകും. എന്നാല്‍ സിഡ്നിയിലെ ജയം പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് ടിക്കറ്റുറപ്പിക്കില്ല. അതിന് ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരയുടെ ഫലം വരുന്നതുവരെ കാത്തിരിക്കണം.
സിഡ്നിയിലെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ബാറ്റിംഗിനും സ്പിന്നര്‍മാര്‍ക്കും അനുകൂലമായ സാഹചര്യമാണ് എല്ലായ്പപ്പോഴും ഉണ്ടായിട്ടുള്ളത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവാന്‍ വഴിയില്ല. സമനില പോലും ഇന്ത്യക്ക് തിരിച്ചടിയാവുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ലക്ഷ്യം വെക്കാനുമാവില്ല. എന്നാല്‍ അതത്ര എളുപ്പമല്ല. കാരണം സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 13 ടെസ്റ്റുകളില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ ഓസ്ട്രേലിയ ജയിച്ചു.
സമീപകാലത്തും സിഡ്നിയിൽ സമനിലക്കളികളാണ് കൂടുതലും കണ്ടുവരുന്നത്. സിഡ്നിയില്‍ ഇന്ത്യ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളും സമനിലയില്‍ പിരിയുകയായിരുന്നു. 1948ലാണ ഇന്ത്യയും ഓസ്ട്രേലിയയും ആദ്യമായി സിഡ്നിയില്‍ ഏറ്റുമുട്ടിയത്. മഴ വില്ലനായ ആ കളി സമനിലയില്‍ പിരിഞ്ഞു. സിഡ്നിയില്‍ ഇന്ത്യയുടെ ഒരേയൊരു ടെസ്റ്റ് ജയം 1978ലായിരുന്നു. ഇന്നിംഗ്സിനും രണ്ട് റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.
സിഡ്നിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 157 റണ്‍സ് ശരാശരിയില്‍ 785 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 20 വിക്കറ്റെടുത്തിട്ടുള്ള അനില്‍ കുംബ്ലെയാണ് സിഡ്നിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. 2004ലെ പരമ്പരയില്‍ ഒരൊറ്റ കവര്‍ ഡ്രൈവ് പോലും കളിക്കാതെ സച്ചിന്‍ ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ നേടിയ 705-7 അണ് സിഡ്നിയിലെ ഉയര്‍ന്ന സ്കോര്‍. സച്ചിന്‍ 241 റണ്‍സടിച്ചപ്പോള്‍ ഈ മത്സരത്തില്‍ വിവിഎസ് ലക്ഷ്മണ്‍ 178 റണ്‍സടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക