67 റണ്‍സെടുത്ത നിഖില്‍ കുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പത്താമനായി ക്രീസിലെത്തിയ മലയാളി താരം മുഹമ്മദ് ഇനാന്‍ 22 പന്തില്‍ 30 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യൻ യുവനിരക്ക് 44 റണ്‍സിന്‍റെ കനത്ത തോല്‍വി. 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.1 ഓവറില്‍ 237 റണ്‍സിന് ഓള്‍ ഔട്ടായി. 67 റണ്‍സെടുത്ത നിഖില്‍ കുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പത്താമനായി ക്രീസിലിറങ്ങിയ മലയാളി താരം മുഹമ്മദ് ഇനാൻ 22 പന്തില്‍ 30 റണ്‍സെടുത്ത് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായി.പാകിസ്ഥാന് വേണ്ടി അലി റാസ മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 50 ഓവറില്‍ 281-7, ഇന്ത്യ 47.1 ഓവറില്‍ 238ന് ഓള്‍ ഔട്ട്.
282 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും(14 പന്തില്‍ 20) വൈഭവ് സൂര്യവൻശിയും(1) 28 റണ്‍സെടുക്കുന്നതിനിടെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പിന്നാലെ ആന്ദ്രെ സിദ്ധാര്‍ത്ഥിനെയും(15) നഷ്ടമാകുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 50 കടന്നതെ ഉണ്ടായിരുന്നുള്ളു. ക്യാപ്റ്റൻ മുഹമ്മദ് അമാന്‍(16) പ്രതീക്ഷ നല്‍കിയെങ്കിലും ടീം സ്കോര്‍ 100 കടക്കും മുമ്പെ മടങ്ങി.
undefined
പിന്നീട് നിഖില്‍ കുമാർ(77 പന്തില്‍ 67) കിരണ്‍ കോര്‍മാലെയെയും(20), ഹര്‍വന്‍ശ് സിംഗിനെയും(26) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടത്തിനും ഇന്ത്യയെ ജയത്തോട് അടുപ്പിക്കാനായില്ല. ബൗളിംഗില്‍ രണ്ടോവറില്‍ 34 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയ മലയാളി താരം മുഹമ്മദ് ഇനാന്‍ വാലറ്റത്ത് രണ്ട് ഫോറും രണ്ട് സിക്സും പറത്തി നടത്തിയ ബാറ്റിംഗ് വെടിക്കെട്ട്(22 പന്തില്‍ 30) ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. യുദ്ധ്ജിത്ത് ഗുഹയും(13*) ഇനാനും ചേര്‍ന്ന പത്താം വിക്കറ്റ് കൂടുക്കെട്ട് അവസാന വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഷഹ്സൈബ് ഖാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സടിച്ചു. 147 പന്തില്‍ 159 റണ്‍സടിച്ച ഷഹ്സൈബ് ഖാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഷഹ്സൈബ് ഖാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30.4 ഓവറില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 94 പന്തില്‍ 60 റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ പുറത്താക്കിയ ആയുഷ് മാത്രെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.107 പന്തില്‍ സെഞ്ചുറിയിലെത്തിയ ഷഹ്സൈബ് ഖാൻ അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യക്കായി സമര്‍ത്ഥ് നാഗരാജും മൂന്നും ആയുഷ് മാത്രെയും രണ്ടും വിക്കറ്റ് വീഴ്ത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക