കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുക്കുമ്പോള്‍ സമീപകാലത്തൊന്നും ഏകദിന ക്രിക്കറ്റില്‍ കളിക്കാത്ത റിഷഭ് പന്തിനെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് മഞ്ജരേക്കര്‍
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കുമോ എന്നതും മലയാളികളുടെ ആകാംക്ഷ കൂട്ടുന്നുണ്ട്.
എന്നാല്‍ ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. സ്റ്റാര്‍ സ്പോര്‍ട്സില്‍ മുന്‍ ഇന്ത്യൻ പരിശീലകന്‍ സഞ്ജയ് ബംഗാറുമൊത്തുള്ള ടോക് ഷോയിലാണ് മഞ്ജരേക്കര്‍ സഞ്ജുവിനെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തണമെന്ന് ശക്തമായി വാദിച്ചത്.
റിഷഭ് പന്തിനെ ടീമിലെടുക്കുന്നതിനെ ഇരുവരും ശക്തമായി എതിര്‍ക്കുകയും ചെയ്തു. കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുക്കുമ്പോള്‍ സമീപകാലത്തൊന്നും ഏകദിന ക്രിക്കറ്റില്‍ കളിക്കാത്ത റിഷഭ് പന്തിനെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെത്തിയാല്‍ സഞ്ജു സാംസണെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെടുക്കണം. സഞ്ജുവിന്‍റെ ബാറ്റിംഗിന്‍റെ വലിയ ആരാധകനാണ് ഞാന്‍. കരിയറിന്‍റെ തുടക്കത്തില്‍ സഞ്ജു റണ്‍സ് നേടിയിട്ടില്ലെങ്കിലും സമീപകാലത്ത് ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന 10 ഓവറില്‍ അടിച്ചു തകര്‍ക്കാൻ കഴിയുന്ന ഒരു ബിഗ് ഹിറ്ററെയാണ് നോക്കുന്നതെങ്കില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫി: മുഹമ്മദ് ഷമി തിളങ്ങിയിട്ടും ബംഗാളിനെ വീഴ്ത്തി ഹരിയാനെ ക്വാര്‍ട്ടറില്‍
കാറപകടത്തിലേറ്റ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ റിഷബ് പന്ത് ടി20യിലും ടെസ്റ്റിലും കളിച്ചെങ്കിലും ശ്രീലങ്കക്കെതിരെ ഒരു ഏകദിനത്തില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്. നാലാമനായി ക്രീസിലെത്തിയ പന്ത് ആറ് റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും ടീമില്‍ നിന്ന് പുറത്തായ സഞ്ജു കഴിഞ്ഞ വര്‍ഷം ടി20 ടീമില്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികളടിച്ച് ടി20 ഓപ്പണർ സ്ഥാനം ഉറപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിഷഭ് പന്തിന് പകരം സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തണമെന്ന് ബംഗാറും മഞ്ജരേക്കറും ആവശ്യപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക