നാളെ രണ്ടാം ടി20! ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമെങ്കിലും ഉറപ്പ്; യുവ പേസര്‍ അരങ്ങേറിയേക്കും, സഞ്ജു തുടരും

By Web Team  |  First Published Nov 9, 2024, 5:37 PM IST

ഇന്ത്യയെ ആശങ്കയിലാക്കുന്നത് അഭിഷേക് ശര്‍മയുടെ ഫോമാണ്.


കെബെര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെയിറങ്ങും. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വൈകിട്ട് 7.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

നാളെയിറങ്ങുമ്പോള്‍ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയെ ആശങ്കയിലാക്കുന്നത് അഭിഷേക് ശര്‍മയുടെ ഫോമാണ്. ബംഗ്ലാദേശിനെതിരേയും പിന്നീട് എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിലും അഭിഷേകിന് ഫോമിലെത്താന്‍ സാധിച്ചിരുന്നില്ല. അതേ ഫോമിലില്ലായ്മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും കണ്ടു. എങ്കിലും താരത്തിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. മാറ്റാന്‍ തീരുമാനിച്ചാല്‍ ജിതേഷ് ശര്‍മ പകരമെത്തിയേക്കും. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയോടെ സഞ്ജു ഓപ്പണിംഗ് സ്ലോട്ടില്‍ സ്ഥാനം സിമന്റിട്ട് ഉറപ്പിച്ച് കഴിഞ്ഞു. 

Latest Videos

മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടരും. അതുകൊണ്ട് നാലാം നമ്പറില്‍ തിലക് വര്‍മ കളിക്കും. ആദ്യ ടി20യില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം തിലകായിരുന്നു. 18 പന്തില്‍ 33 റണ്‍സാണ് തിലക് നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാതെ വന്നപ്പോഴാണ് തിലകിന് അവസരം തെളിഞ്ഞത്. ഹാര്‍ദ്ദിക് പാണ്ഡ്യയും റിങ്കു സിംഗും പിന്നാലെയെത്തും. തുടചര്‍ന്ന് അക്‌സര്‍ പട്ടേലും. മൂവര്‍ക്കും കാര്യമായൊന്നും ആദ്യ ടി20യില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

രവി ശാസ്ത്രി മുതല്‍ സുരേഷ് റെയ്‌ന വരെ! സഞ്ജുവിനെ വാഴ്ത്താന്‍ സെലിബ്രറ്റികളുടെ നിര

ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാകും. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും യഷ് ദയാല്‍ കളിക്കും. ആദ്യ ടി20യില്‍ റണ്‍ വഴങ്ങിയ ആവേഷ് ഖാനെ പുറത്തിരുത്തിയേക്കും. 

രണ്ടാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ / അവേഷ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.

മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.

tags
click me!