കോലി തിരിച്ചെത്തും, ആര് പുറത്താവും? തുടരുമോ രാഹുല്‍? രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

കോലി തിരിച്ചുവരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെ മാറ്റണമെന്നുള്ളതാണ് ടീം മാനേജ്‌മെന്റിന്റെ തലവേദന.


കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലേക്ക് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി തിരിച്ചെത്തും. കഴിഞ്ഞ ദിവങ്ങളെ പരിശീലന സെഷനുകളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കോലി കളിക്കുമെന്നുള്ള കാര്യം ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്ക് വ്യക്തമാക്കി. വലത് മുട്ടുകാലിലെ നീര്‍ക്കെട്ടിനെ തുടര്‍ന്ന് അവസാന നിമിഷമാണ് വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ഇതോടെ ആദ്യ ഏകദിനത്തിനുള്ള ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

അവസരം നന്നായി ഉപയോഗിച്ച ശ്രേയസ് 59 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. തന്റെ രണ്ടാമത്തെ വേഗമേറിയ ഏകദിന അര്‍ദ്ധ സെഞ്ചുറി നേടാനും അദ്ദേഹത്തിന് സാധിച്ചു. കോലി തിരിച്ചുവരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെ മാറ്റണമെന്നുള്ളതാണ് ടീം മാനേജ്‌മെന്റിന്റെ തലവേദന. ആദ്യ ഏകദിനത്തില്‍ കോലിയുടെ അഭാവത്തിലാണ് തനിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതെന്ന് ശ്രേയസ് അയ്യര്‍ തുറന്നുപറഞ്ഞിരുന്നു. രണ്ടാം ഏകദിനത്തില്‍ കോലി തിരിച്ചെത്തിയാല്‍ ശ്രേയസ് വീണ്ടും പുറത്താകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Latest Videos

ചെറുത്തത് ഫഖര്‍ മാത്രം, ബാബറും റിസ്‌വാനും നിരാശപ്പെടുത്തി! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് കിവീസ്

എന്നാല്‍ ആദ്യ ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസിനെ പുറത്തിരുത്താന്‍ ഇന്ത്യ തയാറാവില്ലെന്നാണ് കരുതുന്നത്. കോലി മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകുക മറ്റൊരു താരത്തിനാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ഓപ്പണര്‍ യശസ്വി ജയ്സ്സ്വാളാകും കോലി മടങ്ങിയെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. യശസ്വി പുറത്തായാല്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും. വിരാട് കോലി മൂന്നാമതും ശ്രേയസ് അയ്യര്‍ നാലാമതും ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന് അവസരം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. രാഹുലിന് മറ്റൊരു അവസരം കൂടി കൊടുത്തേക്കുമെന്നാണ് അറിയുന്നത്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റത്തിന് സാധ്യതയില്ല. 

രണ്ടാം ഏകദിനത്തിലുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.

നേരത്തെ, കോലി തിരിച്ചെത്തുമെന്ന് ഗില്‍ ഉറപ്പ് പറഞ്ഞിരുന്നു. നാഗ്പൂര്‍ ഏകദിനത്തിന് ശേഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''പരിശീലന സെഷന്‍ വരെ കോലിക്ക് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പാണ് കാല്‍മുട്ടില്‍ നീര്‍ക്കെട്ട് ശ്രദ്ധിക്കപ്പെടുന്നത്. കോലിയുടെ കാര്യത്തില്‍ ആധി വേണ്ട. അടുത്ത മത്സരത്തിന് അദ്ദേഹം ഉണ്ടാവും, ഫിറ്റ്നെസ് വീണ്ടെടുക്കും.'' ഗില്‍ പറഞ്ഞു.

click me!