മികച്ച തുടക്കമാണ് അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് - ഖവാജ സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു.
മെല്‍ബണ്‍: ഇന്ത്യക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്സ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളി നിര്‍ത്തുമ്പോള്‍ ആറിന് 311 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (68), പാറ്റ് കമ്മിന്‍സ് (8) എന്നിവരാണ് ക്രീസില്‍. പൊടുന്നനെ നാല് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായി.
മികച്ച തുടക്കമാണ് അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് - ഖവാജ സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു. 19കാരന്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടമുണ്ടാക്കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ട് സിക്‌സും ആറ് ഫോറും കണ്ടെത്തിയിരുന്നു. രണ്ട് സിക്‌സുകളും ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു എന്നുള്ളത് മറ്റൊരു സവിശേഷത്. എന്നാല്‍ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. കോണ്‍സ്റ്റാസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മര്‍നസ് ലബുഷാനെ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് മറ്റൊരു വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി.
undefined
ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ബുമ്ര അവതരിച്ചതോടെ ഖവാജയ്ക്ക് മടങ്ങേണ്ടിവന്നു. കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയത് സ്മിത്ത്. ലബുഷെയ്‌നുമായുള്ള കൂട്ടുകെട്ട് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. 83 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ വേഗത്തില്‍ മൂന്ന് വിക്കറ്റികള്‍ ഓസീസിന് നഷ്ടമായി. ലബുഷെയ്‌നെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ട്രാവിസ് ഹെഡ് ക്രീസിലേക്ക്.
എന്നാല്‍ ഏഴ് പന്ത് മാത്രമായിരുന്നു ഹെഡിന് ആയുസ്. ബുമ്രയുടെ പന്തില്‍ ബൗള്‍ഡ്. സംപൂജ്യനായി ഹെഡ് മടങ്ങി. മിച്ചല്‍ മാരല്‍ഷിനും (4) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബുമ്രയെ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഒമ്പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ (31) ഇന്നിംഗ്‌സ് ഓസീസിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ വളരെ കുറച്ച് ഓവറുകള്‍ മാത്രമുള്ളപ്പോള്‍ താരം പുറത്തായത് തിരിച്ചടിയായി. ആകാശ് ദീപിനായിരുന്നു വിക്കറ്റ്. സ്മിത്തിനൊപ്പം 53 റണ്‍സ് ചേര്‍ത്താണ് ക്യാരി മടങ്ങുന്നത്. പിന്നാലെ ക്രീസിലെത്തിയ കമ്മിന്‍സ്, സ്മിത്തിനൊപ്പം ചേര്‍ന്ന് വിക്കറ്റ് പോവാതെ കാത്തു.
നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.