നാലിന് 86 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിക്കുന്നത്. തകര്‍ച്ചയില്‍ നിന്ന് പന്ത് - ഗില്‍ സഖ്യം ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 40 റണ്‍സ് മാത്രം പിറകിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍ (70), രവീന്ദ്ര ജഡജേ (10) എന്നിവരാണ് ക്രീസില്‍. ഇന്ന് റിഷഭ് പന്തിന്റെ (60) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, നാല് പേരെ പുറത്താക്കിയ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് കിവീസിനെ തകര്‍ത്തത്.
നാലിന് 86 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിക്കുന്നത്. തകര്‍ച്ചയില്‍ നിന്ന് പന്ത് - ഗില്‍ സഖ്യം ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും 96 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്തായിരുന്നു ഏറെ അപകടകാരി. കൗണ്ടര്‍ അറ്റാക്കിലൂടെ പന്ത് ന്യൂസിലന്‍ഡ് ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഇഷ് സോധിയുടെ വരവ് പ്രതീക്ഷ തെറ്റിച്ചു. പന്തിനെ സോധി വിക്കറ്റിന് മുന്നില്‍ കുടുക്കി. 59 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ഫോറും നേടി. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ ഇതുവരെ ഒരു സിക്‌സും നാല് ഫോറുമാണുള്ളത്.
undefined
കുഞ്ഞന്മാരായ യുഎഇയോടും തോറ്റു! ഹാംഗ് കോംഗ് സിക്‌സില്‍ മൂന്ന് തോല്‍വിയോടെ ഇന്ത്യ പുറത്ത്
മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്‌സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്‍കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാന്‍ മുഹമ്മദ് സിറാജ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്രമല്ല, റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു.
അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്റ്നര്‍ പരിക്കുമൂലം വിട്ടു നിന്നു. ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.