സെഞ്ചൂറിയന്‍ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പക്ഷെ ആദ്യ ഇന്നിംഗ്സിലെ ഇന്ത്യയുടെ പ്രകടനത്തോടെ തന്നെ ഈ ടെസ്റ്റിന്‍റെ ഫലം കുറിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ കളിയില്‍ ഒരു തവണ പോലും ഇന്ത്യക്ക് മേല്‍ക്കൈ ലഭിച്ചില്ല.
മുംബൈ: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ബാറ്റിംഗ് നിര രണ്ട് ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ചേതേശ്വര്‍ പൂജാരയെക്കാള്‍ മികച്ചൊരു ടെസ്റ്റ് ബാറ്റര്‍ ഇന്ത്യക്കില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യാ രഹാനെയും ഒഴിവാക്കിയ തീരുമാനത്തെയും ഹര്‍ഭജന്‍ യുട്യൂബ് വീഡിയോയില്‍ വിമര്‍ശിച്ചു.
രഹാനെയും പൂജാരയെയും ഒഴിവാക്കിയതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ഈ രണ്ട് കളിക്കാരും വിദേശത്ത് എല്ലായിടത്തും സ്കോര്‍ ചെയ്തവരാണ്. ടെസ്റ്റില്‍ പൂജാരയുടെ റെക്കോര്‍ഡ് നോക്കിയാല്‍ വിരാട് കോലിയുടേതിന് സമമാണ്. എന്നിട്ടും എന്തിനാണ് പൂജാരയെ തഴഞ്ഞതെന്ന് മനസിലാവുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയെക്കാള്‍ മികച്ചൊരു ബാറ്റര്‍ നമുക്കില്ല. പൂജാര പതുക്കെയായിരിക്കാം കളിക്കുന്നത്. പക്ഷെ ആ കളി കൊണ്ട് അവന്‍ പല കളികളിലും തോല്‍വി ഒഴിവാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യയെ ജയിപ്പിച്ചിട്ടുമുണ്ട്.
ക്രിക്കറ്റില്‍ 146 വര്‍ഷത്തിനിടെ ആദ്യം, മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡുമായി വിരാട് കോലി
സെഞ്ചൂറിയന്‍ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പക്ഷെ ആദ്യ ഇന്നിംഗ്സിലെ ഇന്ത്യയുടെ പ്രകടനത്തോടെ തന്നെ ഈ ടെസ്റ്റിന്‍റെ ഫലം കുറിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ കളിയില്‍ ഒരു തവണ പോലും ഇന്ത്യക്ക് മേല്‍ക്കൈ ലഭിച്ചില്ല. ആദ്യ ഇന്നിംഗ്സില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നേടിയത് 245 റണ്‍സാണ്. അതും കെ എല്‍ രാഹുലിന്‍റെ സെഞ്ചുറി കരുത്തില്‍.
രണ്ടാം ഇന്നിംഗ്സിലാകട്ടെ 131 റണ്‍സും. അതില്‍ വിരാട് കോലിയുടെ സംഭാവന കൂടിയില്ലായിരുന്നെങ്കില്‍ അവസ്ഥ കൂടുതല്‍ പരിതാപകരമാകുമായിരുന്നു. ആദ്യ ഇന്നിംഗ്സിലെ പ്രകടനം കഴിഞ്ഞപ്പോഴെ ഈ ടെസ്റ്റിന്‍റെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമാണ് പൂജാരയെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ രഹാനെയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ടീമിലെടുത്തെങ്കിലും ആ പരമ്പരക്കുശേഷം ഒഴിവാക്കുകയായിരുന്നു.