കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. 12നാണ് ചാമ്പ്യൻസ് ട്രോഫി ടീം സ്ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെയും സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കോ വിരാട് കോലിക്കോ ചാമ്പ്യൻസ് ട്രോഫി ടീമില്‍ സ്ഥാനം നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ക്യാപ്റ്റനായി തുടരുമ്പോള്‍ വിരാട് കോലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയ ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജ ടീമില്‍ നിന്ന് പുറത്താകും. ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബൗളിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ജഡേജ നാലു വിക്കറ്റ് മാത്രമാണ് നേടിയത്. രവീന്ദ്ര ജഡേജ പുറത്തായാല്‍ പകരം സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ ടീമിലെത്തും.
വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ തമിഴ്നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ചാമ്പ്യൻസ് ട്രോഫി ടീമിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മിന്നുന്ന ഫോമിലായിരുന്നു. പേസര്‍ അര്‍ഷ്ദീപ് സിംഗും ചാമ്പ്യൻസ് ട്രോഫി ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതാണ് അര്‍ഷ്ദീപ്.
സ്പിന്നര്‍മാരായി അക്സര്‍ പട്ടേലിനും വരുണ്‍ ചക്രവര്‍ത്തിക്കുമൊപ്പം കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകുമെന്നാണ് കരുതുന്നത്. പേസ് നിരയില്‍ മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നുറപ്പാണ്. എന്നാല്‍ ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യ ഇപ്പോഴും സംശയത്തിലാണ്.
ബാറ്റിംഗ് നിരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ സഞ്ജു സാംസണോ ടീമിലെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ടീമില്‍ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പെ ശുഭ്മാന്‍ ഗില്ലിനെയും യശസ്വി ജയ്സ്വാളിനെയും ടീമിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക