ബംഗ്ലാ കടുവകളെ അടിച്ചോടിച്ച് സൂര്യയും സംഘവും, ടി20 പരമ്പര തൂത്തുവാരി! സെഞ്ചുറിയോടെ ഹീറോയായി സഞ്ജു

By Web TeamFirst Published Oct 12, 2024, 10:54 PM IST
Highlights

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ്‍ നേടിയത്

ഹൈദരാബാദ്: ബംഗ്ലാദേശിനതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ്‍ നേടിയത്. സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ഇന്നുംഗ്‌സുമാണ് ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 7വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്‌ണോയ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

42 പന്തില്‍ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 42 റണ്‍സെടുത്ത ലിറ്റണ്‍ ദാസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ പന്തില്‍ തന്നെ പര്‍വേസ് ഹുസൈന്‍ ഇമോന്റെ (0) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. തന്‍സിദ് ഹസന്‍ (15), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 59 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ലിറ്റണ്‍ ദാസ് - തൗഹിദ് ഹൃദോയ് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലിറ്റണെ പുറത്താക്കി രവി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് അവസാന ടി20 കളിക്കുന്ന മുഹമ്മദുള്ളയെ (8) മായങ്ക് മടക്കി.

Latest Videos

ഹൊ, ബ്രൂട്ടല്‍ ഹിറ്റിംഗ്! ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി സഞ്ജു; റിഷാദ് ഹുസൈന്‍ പഞ്ചറായി വീഡിയോ

നേരത്തെ, അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫിസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി. 

തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) - ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് (0) പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.  

click me!