ആര് അകത്ത്, ആര് പുറത്ത്; സെമിയിൽ ഇടം തേടി ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു

By Web Team  |  First Published Nov 6, 2022, 7:47 AM IST

മഴകാരണം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ച വേദിയാണ് മെൽബൺ. ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.


മെൽബൺ: ട്വന്റി 20 ലോകകപ്പിൽ സെമിഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിംബാബ്‍‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. മെൽബണിൽ ഉച്ചക്ക് ഒന്നരയ്ക്കാണ് ഇന്ത്യയുടെ മത്സരം. ഓപ്പണർ കെ എൽ രാഹുൽ ഫോമിലേക്ക് എത്തിയതോടെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. മഴകാരണം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ച വേദിയാണ് മെൽബൺ. ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഫാസ്റ്റ് ബൗളർമാരെ തുണക്കുന്നതാണ് മെൽബണിലെ വിക്കറ്റ്. ട്വന്റി 20 ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയും സിംബാബ്‍വേയും നേർക്കുനേർവരുന്നത്. ഇന്ന് ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും മത്സര ഫലത്തെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ സെമി പ്രവേശന സാധ്യതകൾ. അതുകൊണ്ടു തന്നെ ബം​ഗ്ലാദേശിനെതിരെ ജയിക്കുകയും സിംബാബ്‍‍വെക്കെതിരെ ഇന്ത്യ തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ. അല്ലെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരെ ദക്ഷിണാഫ്രിക്ക തോറ്റാലും പാകിസ്ഥാന് സാധ്യതയുണ്ട്. തങ്ങളെ അട്ടിമറിച്ചതുപോലെ സിംബാബ്‍‍വേ ഇന്ത്യയെ തോൽപ്പിക്കുന്നതും കിനാവുകാണേണ്ട സ്ഥിതിയാണ് പാകിസ്ഥാന്. കടുത്ത എതിരാളികളെയാണ് പാകിസ്ഥാന് ഇന്ന് നേരിടേണ്ടത്.

Latest Videos

undefined

സൂപ്പർ 12ലെ മറ്റൊരു ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ആവേശത്തിലാണ് ബം​ഗ്ലാദേശ്. കളിക്കളത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയായിരിക്കും ബം​ഗ്ലാദേശിന്റെ ലക്ഷ്യം. രാവിലെ 9.30നാണ് മത്സരം. 

സെമി ഉറപ്പിക്കുമോ ദക്ഷിണാഫ്രിക്ക; നെതര്‍ലന്‍ഡ്‌സിനെതിരെ 159 റണ്‍സ് വിജയലക്ഷ്യം

ഗ്രൂപ്പ് രണ്ടിലെ നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. അഡ്‌ലെയ്‌ഡില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സ് നേടി. ഇന്ന് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പിക്കാം. തോറ്റാല്‍ ടീം ഇന്ത്യയും പാക്-ബംഗ്ലാ മത്സര വിജയികളും സെമിയിലെത്തും. അതിനാല്‍ ഏവരും ആകാംക്ഷയോടെയാണ് മത്സര ഫലത്തിനായി കാത്തിരിക്കുന്നത്. 

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്. 

click me!