IND vs WI 3rd T20I: അവസാന ടി20യിലും വിന്‍ഡീസിനെ വീഴ്ത്തി പരമ്പര തൂത്തൂവാരി ഇന്ത്യ; ജയം 17 റണ്‍സിന്

By Web Team  |  First Published Feb 20, 2022, 10:58 PM IST

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പവര്‍ പ്ലേയില്‍ പുരാനും റൊവ്മാന്‍ പവലും തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്കോര്‍ കുതിച്ചു. അഞ്ചോവറില്‍ 60 റണ്‍സിലെത്തി വിന്‍ഡീസ് പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലായിരുന്നു.


കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍(IND vs WI 3rd T20I) 17 റണ്‍സ് ജയവുമായി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 47 പന്തില്‍ 61 റണ്‍സെടുത്തെ നിക്കോളാസ് പുരാനാണ്(Nicholas Pooran) വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍.

റോവ്‌മാന്‍ പവല്‍(Rovman Powell-14 പന്തില്‍ 25), റൊമാരിയോ ഷെപ്പേര്‍ഡ്(Romario Shepherd-21 പന്തില്‍ 29) എന്നിവരും പൊരുതി നോക്കിയെങ്കിലും ഹര്‍ഷല്‍ പട്ടേലിന്‍റെയും(Harshal Patel-22-3), ദീപക് ചാഹറിന്‍റെയും(Deepak Chahar-15-2), വെങ്കടേഷ് അയ്യരുടെയും(23-2), ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും(33-2) ബൗളിംഗ് കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 184-5, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 167-9. നേരത്തെ ഏകദിന പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഏകദിനങ്ങളിലും ടി20യിലും സമ്പൂര്‍ണ ജയം നേടാന്‍ രോഹിത് ശര്‍മക്ക് കഴിഞ്ഞു.

Latest Videos

തുടക്കം തകര്‍ച്ചയോടെ, പിന്നെ വെടിക്കെട്ട്

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കെയ്ല്‍ മയേഴ്സ്(6) ഇഷാന്‍ കിഷന്‍റെ കൈകളിലൊതുങ്ങി. ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 11 റണ്‍സടിച്ച് നിക്കോളാസ് പുരാന്‍ വെടിക്കെട്ടിന് തുടക്കമിട്ടു. എന്നാല്‍ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ ഷായ് ഹോപ്പിനെ)8)മടക്കി ചാഹര്‍ ഇരട്ടപ്രഹമേല്‍പ്പിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പവര്‍ പ്ലേയില്‍ പുരാനും റൊവ്മാന്‍ പവലും തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്കോര്‍ കുതിച്ചു. അഞ്ചോവറില്‍ 60 റണ്‍സിലെത്തി വിന്‍ഡീസ് പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലായിരുന്നു.

That's that from the final T20I as win by 17 runs to complete a 3-0 clean sweep in the series.

Scorecard - https://t.co/2nbPwNh8dw pic.twitter.com/u5z5CzD44b

— BCCI (@BCCI)

നടുവൊടിച്ച് ഹര്‍ഷലും വെങ്കടേഷ് അയ്യരും

അതിവേഗം സ്കോര്‍ ചെയ്ത വിന്‍ഡീസിന് ബ്രേക്ക് ഇട്ടത് ഹര്‍ഷല്‍ പട്ടേലും വെങ്കടേഷ് അയ്യരും ചേര്‍ന്നായിരുന്നു. പവലിനെ(14 പന്തില്‍ 25) തന്‍റെ ആദ്യ ഓവറില്‍ വീഴ്ത്തിയ ഹര്‍ഷല്‍ വിന്‍ഡീസ് കുതിപ്പിന് കടിഞ്ഞാണിട്ടു. പിന്നാലെ അപകടകാരിയായ വിന്‍ഡീസ് നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡിനെ(5) വെങ്കടേഷ് അയ്യര്‍ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ചു. തന്‍റെ രാണ്ടാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറെയും(2) വീഴ്ത്തിയ വെങ്കടേഷ് അയ്യര്‍ വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റോസ്റ്റണ്‍ ചേസിനെ(12) ഹര്‍ഷല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് 100-6ലേക്ക് വീണു.

തലപൊക്കി ഷെപ്പേര്‍ഡും പുരാനും

നടുവൊടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന നിക്കോളാസ് പുരാനും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് വിന്‍ഡീസിന്‍റെ പ്രതീക്ഷ നിലനിര്‍ത്തി. അവസാന ഓവറുകളില്‍ പടുകൂറ്റന്‍ സിക്സുകളുമായി ഷെപ്പേര്‍ഡ് തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പിടി അയഞ്ഞു. അവസാന മൂന്നോവറില്‍ 37 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസ് പുരാനെ(47 പന്തില്‍ 61) ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. പത്തൊമ്പതാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ തന്നെ ഷെപ്പേര്‍ഡിനെയും വീഴ്ത്തിയതോടെ വിന്‍ഡീസിന്‍റെ പോരാട്ടം അവസാനിച്ചു.

അരങ്ങേറ്റ മത്സരത്തില്‍ നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ ആവേശ് ഖാന് തിളങ്ങാനായില്ല. രണ്ടാം ഓവറിനിടെ പരിക്കേറ്റ് മടങ്ങിയ ദീപക് ചാഹര്‍ 1.5 ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ 2.1 ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെയും(Suryakumar Yadav) വെങ്കടേഷ് അയ്യരുടെയും(Venkatesh Iyer) ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 31 പന്തില്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ആവസാന രണ്ടോവറില്‍ 42 റണ്‍സും അഞ്ചോവറില്‍  86 റണ്‍സും അടിച്ചു കൂട്ടി.

click me!