ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ സിക്സർ പറത്താൻ ശേഷിയും മികവുമുള്ള ബാറ്ററാണ് സഞ്ജു
മുംബൈ: മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള(IND vs SA T20Is) ടീമില്‍(Team India) നിന്ന് സഞ്ജു സാംസണെ(Sanju Samson) തഴഞ്ഞ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ അറിയാത്തവർ പോലും ഇതിനേക്കാൾ മികച്ചൊരു ടീം തിരഞ്ഞെടുക്കുമെന്നും ആരാധകർ പറയുന്നു.
ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സഞ്ജു സാംസണിന്‍റെ മികവിൽ സംശയമൊന്നുമില്ല. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ കഴിയുന്ന സഞ്ജുവിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും രോഹിത് പറഞ്ഞിരുന്നു. എന്നാൽ ക്യാപ്റ്റന്റെ വാക്കുകളൊന്നും സെലക്ടർമാർ കാര്യമാക്കുന്നില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല. ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സെലക്ടർമാരുടെ നടപടി. രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവർക്ക് വിശ്രമം നൽകിയ സെലക്ടർമാർ പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചിട്ടും സഞ്ജുവിനെ തഴഞ്ഞതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.
ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ സിക്സർ പറത്താൻ ശേഷിയും മികവുമുള്ള ബാറ്ററാണ് സഞ്ജു. ഐപിഎല്ലിൽ രാജസ്ഥാനെ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് നയിച്ച സഞ്ജു 14 കളിയിൽ രണ്ട് അർധസെഞ്ച്വറിയുൾപ്പടെ 374 റൺസെടുത്തിട്ടുണ്ട്. 53 ഫോറും 21 സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പറന്നത്. ടീമിൽ ഇടംപിടിച്ച മിക്ക ബാറ്റർമാരേക്കാളും സ്ട്രൈക്ക് റേറ്റിലും സഞ്ജു ഏറെ മുന്നിൽ. ഇരുപത്തിയെട്ടുകാരനായ സഞ്ജു ഐപിഎല്ലിൽ 135 കളിയിൽ മൂന്ന് സെഞ്ച്വറിയും 17 അർധസെഞ്ച്വറിയും ഉൾപ്പടെ 3442 റൺസെടുത്തിട്ടുണ്ട്. സഞ്ജുവിനൊപ്പം രാഹുൽ ത്രിപാഠിയെ തഴഞ്ഞതിലും ആരാധകർ അസംതൃപ്തരാണ്.
തുറന്നടിച്ച് ഹർഷ ഭോഗ്‍ലേ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസൺ ഉൾപ്പെടുത്തണമായിരുന്നുവെന്ന് പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്‍ലേ പറഞ്ഞു. കെ എൽ രാഹുലും റിഷഭ് പന്തും ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.സഞ്ജുവിനൊപ്പം രാഹുൽ ത്രിപാഠിയെയും ടീമിൽ എടുക്കണമായിരുന്നു. ഓസ്ട്രേലിയയിൽ ലോകകപ്പ് നടക്കുന്നതിനാൽ സഞ്ജു ഉറപ്പായും ടീമിൽ വേണമെന്നും ഭോഗ്‍ലേ വ്യക്തമാക്കി.