തെല്ലുപോലും പരിഭ്രമമില്ലാതെ സഞ്ജു അനായാസം പന്ത് കൈക്കലാക്കുകയായിരുന്നു
ദില്ലി: വിക്കറ്റിന് മുന്നില്‍ വിസ്മയ ഫോമിലാണ് സഞ്ജു സാംസണ്‍. വിക്കറ്റിന് പിന്നിലും മോശക്കാരനല്ല താരം. ധോണി യുഗത്തിന് ശേഷം വിക്കറ്റ് കീപ്പർമാരുടെ ഒരു പടതന്നെ സ്ഥാനമുറപ്പിക്കാന്‍ പൊരുതുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റിന് മുന്നിലും പിന്നിലും വാഗ്ദാനമാവുകയാണ് സഞ്ജു. ദില്ലിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന്‍റെ സുരക്ഷിത കരങ്ങള്‍ക്ക് കരുത്താകുന്ന ഒരു സുന്ദര ക്യാച്ചുണ്ടായിരുന്നു.
സഞ്ജു വേറെ ലെവല്‍
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‍സിലെ 16-ാം ഓവറില്‍ പന്തെറിഞ്ഞത് സ്പിന്നർ ഷഹ്‍ബാസ് അഹമ്മദ്. അല്‍പം വേഗക്കൂടുതലുള്ള ഷഹ്‍ബാസിന്‍റെ പന്തുകളുടെ ഗതി വായിക്കുക ബാറ്റർമാർക്ക് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ ഏയ്ഡന്‍ മാർക്രാം പെട്ടു എന്ന് പറയുന്നതാണ് ശരി. ഷഹ്‍ബാസിന്‍റെ ബാറ്റിലുരസി പന്ത് വേഗം വിക്കറ്റിന് പിന്നിലേക്ക് കുതിച്ചു. എന്നാല്‍ തെല്ലുപോലും പരിഭ്രമമില്ലാതെ സഞ്ജു അനായാസം പന്ത് കൈക്കലാക്കി. ഷാർപ് ക്യാച്ച് എന്ന കുറിപ്പോടെ ബിസിസിഐ ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. 19 പന്തില്‍ 9 റണ്‍സ് മാത്രമാണ് മാർക്രാമിന് നേടാനായത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ടും ഗംഭീര പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ദില്ലിയിലെ മൂന്നാം ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ സഞ്ജു 4 പന്തില്‍ 2* റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ലഖ്നൗവിലെ ആദ്യ ഏകദിനത്തില്‍ 63 പന്തില്‍ 86* ഉം റാഞ്ചിയിലെ രണ്ടാം മത്സരത്തില്‍ 36 പന്തില്‍ 30* ഉം റണ്‍സ് സഞ്ജു നേടിയിരുന്നു. കാഗിസോ റബാഡയടക്കം ദക്ഷിണാഫ്രിക്കയുടെ പ്രധാന ബൗളർമാർക്കെല്ലാം എതിരെയാണ് സഞ്ജുവിന്‍റെ ഈ മികച്ച പ്രകടനം.
ഇനി അയാളുടെ കാലമാണ്; സഞ്ജു കസേര ഉറപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പര; അവലോകനം