ഒടുവില്‍ സുനില്‍ ഗവാസ്‌കര്‍ സമ്മതിച്ചു, സഞ്ജു സാംസണ്‍ വേറെ ലെവല്‍; എന്നിട്ടും ഒരു ഉപദേശം!

By Web TeamFirst Published Dec 22, 2023, 7:06 AM IST
Highlights

പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചായിരുന്നു പാളില്‍ മൂന്നാം ഏകദിനം കളിച്ചത്

പാള്‍: പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരിക്കുകയാണ് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. സഞ്ജുവിന്‍റെ കരിയര്‍ മാറ്റിമറിക്കുന്ന സെഞ്ചുറിയാവും ഇതെന്ന് നിസംശയം പറയാം. പ്രതികൂലമായ വിക്കറ്റില്‍ ക്ഷമയോടെ പ്രോട്ടീസ് ബൗളര്‍മാരെ നേരിട്ട് ഒറ്റയ്ക്ക് ടീം ഇന്ത്യയെ കരകയറ്റുകയായിരുന്നു സഞ്ജു. ക്രിക്കറ്റ് ലോകത്തിന്‍റെയാകെ കയ്യടി വാങ്ങിയ സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇതിഹാസ താരവും കമന്‍റേറ്റവുമായ സുനില്‍ ഗവാസ്‌കര്‍. എന്നാല്‍ സഞ്ജുവിന് ഒരു ഉപദേശം നല്‍കുന്നുമുണ്ട് അദേഹം. 

പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ്‍ ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചായിരുന്നു പാളില്‍ മൂന്നാം ഏകദിനം കളിച്ചത്. ഇതിനെ കുറിച്ച് ഗവാസ്‌കറിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'സഞ്ജു സാംസണിന്‍റെ ഷോട്ട് സെലക്ഷനായിരുന്നു ഈ ഇന്നിംഗ്‌സിലെ പ്രത്യേകത. മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു മുന്‍ മത്സരങ്ങളില്‍ സഞ്ജു. എന്നാല്‍ ഇത്തവണ സഞ്ജു അത്ര വീഴ്ച വരുത്തിയില്ല. അദേഹം തന്‍റെ സമയം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കി. ഈ സെഞ്ചുറി സഞ്ജുവിന്‍റെ കരിയര്‍ മാറിമറിക്കും. പാളിലെ സെ‌ഞ്ചുറി സഞ്ജുവിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന്‍റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു' എന്നും സുനില്‍ ഗാവസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിച്ച് കളിച്ചാല്‍ സഞ്ജുവിന് പ്രയോജനപ്പെടും എന്ന് ഓര്‍മ്മിപ്പിക്കുക കൂടിയായിരുന്നു ഗവാസ്‌കര്‍. സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെ ഗവാസ്‌കര്‍ മുമ്പ് പലതവണ വിമര്‍ശിച്ചിട്ടുണ്ട്. 

Latest Videos

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനം ടീം ഇന്ത്യ 78 റണ്‍സിന് ജയിച്ച് പരമ്പര 2-1ന് സ്വന്തമാക്കിയപ്പോള്‍ കന്നി രാജ്യാന്തര സെഞ്ചുറിക്കാരന്‍ സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദി മാച്ചായി. സ്കോര്‍: ഇന്ത്യ- 296/8 (50), ദക്ഷിണാഫ്രിക്ക- 218 (45.5). വണ്‍ ഡൗണായി ഇറങ്ങി 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 108 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ക്രീസിലെത്തിയ സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് 46-ാം ഓവറിലെ മൂന്നാം പന്ത് വരെ നീണ്ടുനിന്നു. സെഞ്ചുറിയുമായി സഞ്ജു കളിയിലെയും മൂന്നാം ഏകദിനത്തിലെ നാലടക്കം ആകെ 10 വിക്കറ്റുമായി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് പരമ്പരയിലെയും താരമായും തെരഞ്ഞെടുക്കപ്പെട്ടു. 

Read more: മസിലുരട്ടി സഞ്ജു സാംസണ്‍! സ്‌പെഷ്യല്‍ സെഞ്ചുറി ആഘോഷം; സൂപ്പര്‍ മാനെന്ന് സോഷ്യല്‍ മീഡിയ - വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!