കാര്യവട്ടത്തെ ഗംഭീര പ്രകടനത്തിന് അര്‍ഷ്‌ദീപിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പ്രശംസകൊണ്ട് മൂടി
കാര്യവട്ടം: ഇന്ത്യന്‍ ക്രിക്കറ്റ് അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച ഓവറുകളിലൊന്ന്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കതിരായ ആദ്യ ടി20യില്‍ തന്‍റെ ആദ്യ ഓവറില്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞ തീതുപ്പും പന്തുകളെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ അര്‍ഷ് പിഴുതത്. ഇതില്‍ രണ്ട് വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളിലായിരുന്നു. കാര്യവട്ടത്തെ ഗംഭീര പ്രകടനത്തിന് അര്‍ഷ്‌ദീപിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പ്രശംസകൊണ്ട് മൂടി.
'അര്‍ഷ്‌ദീപ് ഓരോ മത്സരം കഴിയുമ്പോഴും വളരുകയാണ്. ഓരോ മത്സരത്തിലും മെച്ചപ്പെടുന്നു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ അടുത്തറിഞ്ഞിട്ടുണ്ട്. ഈ സീസണില്‍ ഫ്രാഞ്ചൈസിക്കായി വിസ്‌മയ പ്രകടനമാണ് പുറത്തെടുത്തത്. ടീമിലെ നമ്പര്‍ 1 ഡെത്ത് ബൗളറായ കാഗിയോ റബാഡ താരത്തെ കുറിച്ച് ഏറെ സംസാരിച്ചു. ഇന്ത്യന്‍ ടീമിന് എപ്പോഴും ഒരു ഇടംകൈയന്‍ പേസറെ ആവശ്യമുണ്ട്. അര്‍ഷ്‌ദീപിനെ പോലൊരു താരം ടീമിലുള്ളത് മഹത്തരമാണ്' എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സില്‍ കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുള്ള താരമാണ് അര്‍ഷ്‌ദീപ് സിംഗ്.
തന്‍റെ ഓവറിലെ രണ്ടാമത്തെ പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ കൊടുങ്കാറ്റായി വീശുകയായിരുന്നു അര്‍ഷ്‌ദീപ് സിംഗ്. അര്‍ഷ്‌ദീപിന്‍റെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്ക്(4 പന്തില്‍ 1) പുറത്തായി. തൊട്ടടുത്ത പന്തില്‍ എയ്‌ഡന്‍ മാര്‍ക്രം റണ്ണൊന്നു നേടിയില്ല. നാലാം പന്തില്‍ ബൗണ്ടറിയും പിന്നാലെ തുടരെ തുടരെ രണ്ട് വൈഡും പിറന്നു. എന്നാല്‍ വീണ്ടുമെറിഞ്ഞ അഞ്ചാം പന്തില്‍ റൂസ്സേയേയും അവസാന പന്തില്‍ കില്ലര്‍ മില്ലറേയും അര്‍ഷ്‌ദീപ് മടക്കി. റൂസോ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു. ഇരു താരങ്ങളുടേയും പുറത്താകല്‍ ഗോള്‍ഡന്‍ ഡക്കാണ് എന്ന സവിശേഷതയുമുണ്ട്. നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി അര്‍ഷ്‌ദീപ് സിംഗായിരുന്നു മത്സരത്തിലെ മികച്ച താരം.
അന്ന് തെറിവിളിച്ചവര്‍ കാണുന്നുണ്ടോ; അര്‍ഷ്‌ദീപ് സിംഗ് മുത്താണ്, ഇന്ത്യയുടെ സ്വത്താണ്