ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികവ് കാട്ടൂ, ഗുണമുണ്ട്; സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി ധവാന്‍

By Jomit Jose  |  First Published Oct 6, 2022, 11:10 AM IST

2023 ഏകദിന ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള വലിയ അവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയെന്ന് ധവാന്‍


ലഖ്‌നൗ: സീനിയര്‍ ടീം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ ആരാധകരുടെ ശ്രദ്ധ സജീവമാണ്. സ‍ഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് ടീമിലെ കസേര ഉറപ്പിക്കാനുള്ള അവസരമാണിത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയാലും യുവതാരങ്ങളുടെ പ്രകടനത്തോട് സെലക്‌ടര്‍മാര്‍ക്ക് കണ്ണടക്കാനാവില്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിക്കുന്ന ശിഖര്‍ ധവാന്‍റെ വാക്കുകള്‍. 

'2023 ഏകദിന ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള വലിയ അവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര. മികച്ച ടീമിനെതിരെ കളിക്കുന്നത് യുവതാരങ്ങള്‍ക്ക് വലിയ അവസരം നല്‍കും. അതിന്‍റെ ഗുണമുണ്ടാകും. ഈ പരമ്പര താരങ്ങളുടെ പരിചയവും ആത്മവിശ്വാസവും കൂട്ടും. മികച്ച പ്രകടനമാണ് യുവതാരങ്ങള്‍ പുറത്തെടുക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതുവഴി പിഴവുകള്‍ തിരുത്താനാകും. 2023 ലോകകപ്പിന് മുമ്പ് പരമാവധി മത്സരങ്ങള്‍ കളിക്കുക എന്ന സംബന്ധിച്ച് പ്രധാനമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുകയും വേണം. അവസരം ലഭിക്കുമ്പോഴൊക്കെ ഞാനെന്‍റെ അറിവുകള്‍ യുവതാരങ്ങള്‍ക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പുതിയ ഉത്തരവാദിത്വമാണ് എന്നെ തേടിയെത്തിയിരിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതായും' പ്രോട്ടീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു.  

Latest Videos

വെറ്ററന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ യുവനിരയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതല്‍ ലഖ്‌നൗവില്‍ നടക്കും. രണ്ടാം ഏകദിനം 9-ാം തിയതി റാഞ്ചിയിലും മൂന്നാമത്തേത് 11ന് ദില്ലിയിലും നടക്കും. സഞ്ജു സാംസണ്‍, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയി തുടങ്ങി നിരവധി യുവതാരങ്ങള്‍ക്ക് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് നിര്‍ണായകമാകും ഈ പരമ്പര. പുതുമുഖങ്ങളായ രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരും സ്‌ക്വാഡിലുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ഇനി ഏകദിന ആരവം, ദക്ഷിണാഫ്രിക്കയെ വേട്ടയാടി വീഴ്‌ത്താന്‍ ഇന്ത്യ; ആദ്യ ഏകദിനം തല്‍സമയം കാണാനുള്ള വഴികള്‍

click me!