കോലിയുടെ പകരക്കാരൻ, വിക്കറ്റ് കീപ്പറായി ആരെത്തും; ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

By Web Team  |  First Published Jan 24, 2024, 9:17 AM IST

മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്തും. ലോകകപ്പിലും ദക്ഷിണാഫ്രിക്കയിലും അഫ്ഗാനെതിരായ പരമ്പരയിലും ഫോമിലാവാന്‍ കഴിയാതിരുന്ന ഗില്ലിന് ഇംഗ്ലണ്ട് പരമ്പര ഏറെ നിര്‍ണായകമാണ്. മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്ന ചേതേശ്വര്‍ പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടുന്നതും സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനാവില്ല.


ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കമാകും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനാണ് നാളെ തുടക്കമാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായതിനാല്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിയും ഇന്ത്യയുടെ സ്പിന്‍ കെണിയും തമ്മിലുള്ള ഏറ്റുമുട്ടലാകും നാളെ മുതല്‍ കാണാനാകുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പിന്‍മാറിയതിനാല്‍ ആരാകും പ്ലേയിംഗ് ഇലവനില്‍ പകരക്കാരനെന്ന ആകാംക്ഷ മുതല്‍ വിക്കറ്റ് കീപ്പറായി ആരെത്തുമെന്നുവരെ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും തന്നെ നാളെ ഇറങ്ങുമെന്നാണ് കരുതുന്നത്.

Latest Videos

ബ്രണ്ടന്‍ മക്കല്ലത്തെ മുന്നിലിരുത്തി ആ രഹസ്യം പുറത്തു പറയാന്‍ പറ്റില്ല, തുറന്നു പറഞ്ഞ് അക്സര്‍ പട്ടേല്‍

മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്തും. ലോകകപ്പിലും ദക്ഷിണാഫ്രിക്കയിലും അഫ്ഗാനെതിരായ പരമ്പരയിലും ഫോമിലാവാന്‍ കഴിയാതിരുന്ന ഗില്ലിന് ഇംഗ്ലണ്ട് പരമ്പര ഏറെ നിര്‍ണായകമാണ്. മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്ന ചേതേശ്വര്‍ പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടുന്നതും സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനാവില്ല.

നാലാം നമ്പറില്‍ വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യര്‍ ഇറങ്ങും. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ഷോര്‍ട്ട് പിച്ച് പന്തുകളില്‍ വീഴുന്ന പതിവ് തെറ്റിച്ചില്ലെങ്കില്‍ ശ്രേയസിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനവും തെറിക്കാനിടയുണ്ട്. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ സീറ്റുറപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറി നേടിയ കെ എസ് ഭരത് തന്നെയാവും വിക്കറ്റ് കീപ്പറായി എത്തുക. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാമനായി ഇറങ്ങുമ്പോള്‍ ആര്‍ അശ്വിന്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തും.

ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഹൈദരാബാദില്‍ ഒരുക്കിയിരിക്കുന്നത് സ്പിന്‍ പിച്ചോ; മറുപടി നല്‍കി രാഹുല്‍ ദ്രാവിഡ്

മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ എന്നത് നാളെ പിച്ച് പരിശോധിച്ചശേഷമെ അന്തിമ തീരുമാനമെടുക്കു. സ്പിന്നര്‍മാരെ കാര്യമായി തുണക്കുന്ന പിച്ചാണെങ്കില്‍ അക്സര്‍ പ്ലേയിംഗ് ഇലവനിലെത്തും. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും പേസര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തുക.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, കെ എസ് ഭരത്, ആർ. അശ്വിൻ, ആർ. ജഡേജ, ജസ്പ്രീത് ബുമ്ര,  മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍/കുൽദീപ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!