രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഭുവി; ഓസീസിനെതിരെ നാഴികക്കല്ലുകള്‍ പിന്നിടാന്‍ താരങ്ങള്‍

By Jomit Jose  |  First Published Sep 20, 2022, 9:44 AM IST

ഏറ്റവും മികച്ച നേട്ടം മത്സരത്തില്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയേയാണ്


മൊഹാലി: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ മുംഖാമുഖം വരികയാണ് ഇന്നുമുതല്‍. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് മൊഹാലിയില്‍ തുടക്കമാകും. ആദ്യ ടി20ക്ക് ഇരു ടീമും ഇന്ന് രാത്രി ഇന്ത്യന്‍സമയം ഏഴരയ്ക്ക് മൈതാനത്തിറങ്ങുമ്പോള്‍ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഏറ്റവും മികച്ച നേട്ടത്തിന് അരികെയുള്ളത്.

മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലുമായി ഓസീസ് നായകന്‍ ആരോണ്‍ ഫി‌ഞ്ചിന് 250 സിക്‌സറുകള്‍ തികയ്ക്കാം. എന്നാല്‍ ഫോമില്ലായ്മ മറികടക്കേണ്ടതുണ്ട് ഇതിന് ഫിഞ്ചിന്. ഏറ്റവും മികച്ച നേട്ടം മത്സരത്തില്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയേയാണ്. രണ്ട് സിക്‌സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ റെക്കോര്‍ഡ് ഹിറ്റ്‌മാന് മറികടക്കാം. രോഹിത്തിന് 171 ഉം ഗുപ്റ്റിലിന് 172 ഉം സിക്‌സുകള്‍ വീതമാണുള്ളത്. 

Latest Videos

മൂന്ന് വിക്കറ്റ് നേടിയാല്‍ ഓസീസ് സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗറിന് രാജ്യാന്തര ടി20യില്‍ 50 വിക്കറ്റുകള്‍ തികയ്ക്കാം. 37 റണ്‍സ് നേടിയാല്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ രാജ്യാന്തര ടി20 റണ്‍വേട്ടയില്‍ 2000 റണ്‍സ് ക്ലബിലെത്തും. 1963 റണ്‍സാണ് രാഹുലിന് നിലവിലുള്ളത്. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് 66 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് രാജ്യാന്തര ടി20യില്‍ തികയ്ക്കാം. നിലവില്‍ റിഷഭിന്‍റെ പേരിനൊപ്പമുള്ളത് 934 റണ്‍സ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഭുവനേശ്വര്‍ കുമാറിന് ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ് നേടുന്ന ഫുള്‍ മെമ്പര്‍ രാജ്യങ്ങളില്‍ നിന്നുള്ള പേസറാകാം. 31 വിക്കറ്റുകളുമായി ഒപ്പത്തിനൊപ്പമാണ് ഭുവിയും ആന്‍ഡ്രൂ ടൈയും. 

ഓസീസിനെതിരായ ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.

ലോകകപ്പിന് മുമ്പ് 'മോഡല്‍ പരീക്ഷ'യ്ക്ക് ഇന്ത്യ-ഓസീസ് ടീമുകള്‍; ആദ്യ ടി20 ഇന്ന്

click me!