സഞ്ജു സാംസണ്‍ ടീമില്‍, രോഹിത്തും കോലിയും പുറത്ത്; ടി20 ലോകകപ്പ് നാളെയെങ്കില്‍ ടീം ഇങ്ങനെയെന്ന് ആകാശ് ചോപ്ര

By Web Team  |  First Published Jun 3, 2022, 5:23 PM IST

ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 16 അംഗ ടീമിനെയാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തത്


മുംബൈ: കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയുടെ ക്ഷീണം മാറ്റാനാണ് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ടീം ഇന്ത്യ(Team India) ഓസ്‌ട്രേലിയയില്‍ ടി20 പൂരം(ICC Men's T20 World Cup 2022) കളിക്കാന്‍ യാത്രയാവുക. ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മികച്ച പ്രകടനം പുറത്തെടുത്ത യുവനിര ടീം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ്. എന്നാല്‍ ടി20 ലോകകപ്പ് നടക്കുന്നത് നാളെയെങ്കില്‍ ഇവരില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും. ആകാശ് ചോപ്രയുടെ(Aakash Chopra) പ്രവചനം നോക്കാം. 

ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 16 അംഗ ടീമിനെയാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ നിറംമങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, റണ്‍ മെഷീന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നിവരെ ചോപ്ര തന്‍റെ സ്‌ക്വാഡില്‍ തഴഞ്ഞു. എന്നാല്‍ ഇവരെല്ലാം ലോകകപ്പ് ടീമിലുണ്ടാകും എന്ന് ചോപ്ര തറപ്പിച്ചുപറയുന്നതും ശ്രദ്ധേയമാണ്. 

Latest Videos

'ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹാര്‍ദിക് പാണ്ഡ്യയാണ് തന്‍റെ ടീമിന്‍റെ നായകന്‍. ഹാര്‍ദിക് ബാറ്റും ബൗളും ചെയ്യും. അദേഹത്തെ അഞ്ചാം നമ്പറിലാണ് ഞാന്‍ കാണുന്നത്. നാലാം നമ്പറിലും ബാറ്റ് ചെയ്യാനാകും. പന്തെടുത്താല്‍ മൂന്ന് ഓവര്‍ എറിയും. ബാറ്റെടുത്താലാവട്ടെ അത്ഭുതങ്ങള്‍ കാട്ടാനാകും. മധ്യനിരയിലും ഫിനിഷറായും അദേഹത്തിന് കളിക്കാം. ഓള്‍റൗണ്ടറും ക്യാപ്റ്റനും എന്ന നിലയിലാണ് പാണ്ഡ്യയെ ടീമിലെടുക്കുന്നത്' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം ചൂടിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. പാണ്ഡ്യ പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് നേടി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു. 

ചോപ്രയുടെ ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ക്രുനാല്‍ പാണ്ഡ്യ, സഞ്ജു സാംസണ്‍, അര്‍ഷ്‌ദീപ് സിംഗ്, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്‌പ്രീത് ബുമ്ര. 

Hardik Pandya : ഹാര്‍ദിക് പാണ്ഡ്യ 4ഡി ക്രിക്കറ്റര്‍; വാഴ്‌ത്തിപ്പാടി കിരണ്‍ മോറെ

click me!