ഇങ്ങനെയാണെങ്കില്‍ ഇനിയവന്‍ ഇന്ത്യക്കായി കളിക്കാതിരുന്നതാണ് നല്ലത്, ബുമ്രയെക്കുറിച്ച് മുന്‍ താരം

By Web Desk  |  First Published Jan 7, 2025, 7:13 PM IST

അഞ്ച് ടെസ്റ്റിലെ ഒമ്പത് ഇന്നിംഗ്സുകളിലായി 150ഓളം ഓവറുകളാണ് ബുമ്ര എറിഞ്ഞത്.അതായാത് ഒരു ഇന്നിംഗ്സില്‍ ശരാശരി 16 ഓവറും ഒരു മത്സരത്തില്‍ 30 ഓവറും മാത്രം.


മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത് 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പര ഇന്ത്യ 1-3ന് കൈവിട്ടുവെങ്കിലും ബുമ്രയുടെ പ്രകടനം വേറിട്ടുനിന്നു. എന്നാല്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ബുമ്രക്ക് പരിക്കേറ്റത് ഇന്ത്യയുടെ വിജയസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഓസ്ട്രേലിയയില്‍ 151.2 ഓവര്‍ പന്തെറിഞ്ഞ ബുമ്രയുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് വിശ്രമം അനുവദിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളിലായി വെറും 151.2 ഓവര്‍ പന്തെറിഞ്ഞതിന്‍റെ പേരില്‍ ഒരു ബൗളര്‍ക്ക് വിശ്രമം അനുവദിക്കേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യൻ താരം ബല്‍വീന്ദര്‍ സിംഗ് സന്ധു പറഞ്ഞു. അമിതജോലിഭാരമെന്ന വാക്ക് ഓസ്ട്രേലിയന്‍ സംസ്കാരത്തില്‍ നിന്നു വന്നതാണെന്നും അഞ്ച് ടെസ്റ്റുകളിലായി 150 ഓവര്‍ പന്തെറിയുന്നത് എങ്ങനെയാണ് അമിതജോലിയാവുന്നതെന്നും ബല്‍വീന്ദര്‍ സിംഗ് സന്ധു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ഒരു മത്സരത്തില്‍ ഒരു ദിവസം 20 ഓവര്‍ പോലും പന്തെറിയാന്‍ കഴിയില്ലെങ്കില്‍ ബുമ്ര ഇനി ഇന്ത്യക്കായി കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും സന്ധു പറഞ്ഞു.

Latest Videos

മിഡിൽ സ്റ്റംപ് വായുവിൽ പറത്തി മുഹമ്മദ് ഷമിയുടെ പരിശീലനം, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാർത്ത

അഞ്ച് ടെസ്റ്റുകളിലായി ബുമ്ര എത്ര ഓവര്‍ പന്തെറിഞ്ഞു കാണും. അഞ്ച് ടെസ്റ്റിലെ ഒമ്പത് ഇന്നിംഗ്സുകളിലായി 150ഓളം ഓവറുകളാണ് ബുമ്ര എറിഞ്ഞത്.അതായാത് ഒരു ഇന്നിംഗ്സില്‍ ശരാശരി 16 ഓവറും ഒരു മത്സരത്തില്‍ 30 ഓവറും മാത്രം. അതും ഒറ്റയടിക്കോ ഒരു ദിവസത്തിലോ എറിയുന്നതല്ല. പല സ്പെല്ലുകളിലായാണ് ഇത്രയും ഓവര്‍ എറിഞ്ഞത്. അത് അത്ര വലിയ കാര്യമാണോ. ജോലിഭാരം ക്രമീകരിക്കല്‍ എന്നത് മണ്ടത്തരമാണ്. അതൊക്കെ ഓസ്ട്രേലിയക്കാരുടെ ശൈലിയാണ്. ഞങ്ങളുടെയൊക്കെ കാലത്ത് ഒരു ബൗളര്‍ ദിവസവും 25-30 ഓവറുകള്‍ വരെ എറിയാറുണ്ട്. കപില്‍ ദേവിനെപ്പോലെയുള്ളവര്‍ നീണ്ട സ്പെല്ലുകളാണ് എറിയാറുള്ളത്.

കോലി ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു, അത് ടീം അംഗങ്ങളെ സമ്മർദ്ദത്തിലാക്കി; തുറന്നടിച്ച് സുനിൽ ഗവാസ്കർ

തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ നിങ്ങളുടെ ശരീരവും മനസും കൂടുതല്‍ പാകമാകുകയാണ് ചെയ്യുക. ബുമ്രയാകട്ടെ, മറ്റേതെങ്കിലും ബൗളറാകട്ടെ തുടര്‍ച്ചയായി നീണ്ട സ്പെല്ലുകള്‍ എറിയാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ രാജ്യത്തിനുവേണ്ടി കളിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് കളിക്കാരുടെ ശരീരം നോക്കാന്‍ ഏറ്റവും മികച്ച ഫിസിയോയും മസാജര്‍മാരും ഡോക്ടര്‍മാരും എല്ലാം ഉണ്ട്. എന്നിട്ടും 20 ഓവര്‍ പോലും എറിയാനാകുന്നില്ലെങ്കില്‍ പിന്നെ ഇവരൊക്കെ ഇന്ത്യക്കായി കളിക്കുന്ന കാര്യം മറക്കുന്നതാണ് നല്ലതെന്നും സന്ധു പറഞ്ഞു. ആക്ഷനിലെ പ്രത്യേകത കാരണം പരിക്ക് പറ്റാനുള്ള സാധ്യത കണക്കിലെടുത്താണ് ബുമ്രക്ക് പലപ്പോഴും സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!