ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ജസ്പ്രീത് ബുമ്ര, മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം

By Web Desk  |  First Published Jan 1, 2025, 2:48 PM IST

907 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബുമ്ര ആര്‍ അശ്വിന്‍ സ്വന്തമാക്കിയ 904 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്.


ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബുമ്ര ഒരു ഇന്ത്യൻ ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റും സ്വന്തമാക്കി. 907 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബുമ്ര ആര്‍ അശ്വിന്‍ സ്വന്തമാക്കിയ 904 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പതിനേഴാമത്തെ റേറ്റിംഗ് പോയന്‍റാണിത്. 932 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ട് പേസര്‍ സിഡ്നി ബാണ്‍സിന്‍റെ പേരിലാണ് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡ്. ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിൽ ഒമ്പത് വിക്കറ്റെടുത്ത ബുമ്ര പരമ്പരയിലെ വിക്കറ്റ് നേട്ടം 30 ആക്കിയതിനൊപ്പം 200 വിക്കറ്റെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

Latest Videos

'വസീം അക്രമോ മക്‌ഗ്രാത്തോ അല്ല, ഞാൻ കണ്ട ഏറ്റവും മികച്ച പേസ് ബൗളർ ആ ഇന്ത്യൻ താരം'; തുറന്നു പറഞ്ഞ് ഡാരൻ ലീമാൻ

രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജക്കും ശേഷം ഏറ്റവും വേഗം 200 വിക്കറ്റ് നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് ബുമ്ര. 43 ടെസ്റ്റല്‍ നിന്നാണ് ബുമ്ര 200 വിക്കറ്റ് തികച്ചത്. പരിക്കുമൂലം മെല്‍ബണ്‍ ടെസ്റ്റില്‍ കളിക്കാതിരുന്ന ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് റാങ്കിംഗില്‍ രണ്ടാമത്. 843 റേറ്റിംഗ് പോയന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ഹേസല്‍വുഡിനുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യയുടെ ആര്‍ അശ്വിന്‍ റാങ്കിംഗില്‍ നിന്ന് പുറത്തായപ്പോള്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി.

ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ഒരു സ്ഥാനം താഴേക്കിറങ്ങിയ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്താണ്. ബുമ്രയും ജഡേജയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളര്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!