ബാറ്റര്‍മാരുടെ പുതുക്കിയ റാങ്കിംഗില്‍ വില്യംസണ്‍ രണ്ടാമതെത്തി. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌ന്‍ തലപ്പത്ത് തുടരുമ്പോള്‍ ഓസീസിന്‍റെ തന്നെ സ്റ്റീവ് സ്‌മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദുബായ്: ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ മിന്നും പ്രകടനത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണ്‍. ബാറ്റര്‍മാരുടെ പുതുക്കിയ റാങ്കിംഗില്‍ വില്യംസണ്‍ രണ്ടാമതെത്തി. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌ന്‍ തലപ്പത്ത് തുടരുമ്പോള്‍ ഓസീസിന്‍റെ തന്നെ സ്റ്റീവ് സ്‌മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് സ്‌മിത്തിന് തിരിച്ചടിയായത്. നാല് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് കെയ്‌ന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
ലങ്കയ്ക്ക് എതിരായ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കെയ്‌ന്‍ വില്യംസണായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ ആദ്യ ടെസ്റ്റില്‍ പുറത്താവാതെ 121* റണ്‍സുമായി വിജയശില്‍പിയായ കെയ്‌ന്‍ രണ്ടാം ടെസ്റ്റില്‍ 215 റണ്‍സുമായും തിളങ്ങി. ടെസ്റ്റ് കരിയറില്‍ വില്യംസണിന്‍റെ ആറാം ഇരട്ട സെഞ്ചുറിയാണിത്. 51 റേറ്റിംഗ് പോയിന്‍റുകള്‍ ഉയര്‍ന്ന് വില്യംസണിന്‍റെ നേട്ടം 883ലെത്തി. മുന്നിലുള്ള ലബുഷെയ്‌ന് 32 റേറ്റിംഗ് പോയിന്‍റ് മാത്രമാണ് കൂടുതലുള്ളത്. 915 റേറ്റിംഗ് പോയിന്‍റാണ് ലബുഷെയ്‌നുള്ളത്. സ്റ്റീവ് സ്‌മിത്ത് മൂന്നും ജോ റൂട്ട് നാലും ബാബര്‍ അസം അഞ്ചും ട്രാവിസ് ഹെഡ് ആറും സ്ഥാനങ്ങളിലാണ്. എല്ലാവരും ഓരോ സ്ഥാനങ്ങള്‍ വീതം താഴേക്കിറങ്ങി. കിവികള്‍ക്കെതിരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ പത്താമതെത്തി. ഒന്‍പതാമതുള്ള റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍. രോഹിത് ശര്‍മ്മ 12-ാം സ്ഥാനത്തേക്ക് വീണു.
അതേസമയം ബൗളര്‍മാരില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒന്നാമത് തുടരുന്നു. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജസ്‌പ്രീത് ബുമ്ര ഏഴും രവീന്ദ്ര ജഡേജ ഒന്‍പതും സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്. രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും ഷാക്കിബ് അല്‍ ഹസന്‍ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ അക്‌സര്‍ പട്ടേല്‍ നാലാമതുണ്ട്.
ഐപിഎല്‍ തുടങ്ങും മുമ്പേ കനത്ത തിരിച്ചടിയേറ്റ് പഞ്ചാബ് കിംഗ്‌സ്; ജോണി ബെയ്ർസ്റ്റോ ഇന്ത്യയിലേക്കില്ല