പ്രഥമ കിരീടം ഇന്ത്യക്ക്, പിന്നീട് നിരാശയുടെ ലോകകപ്പുകള്‍; ഇതുവരെയുള്ള ടി20 ലോകകപ്പ് ചരിത്രം വിശദമായി

By Web Team  |  First Published Oct 18, 2022, 9:56 AM IST

ദക്ഷിണാഫ്രിക്കയില്‍ 2007ല്‍ നടന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍


മെല്‍ബണ്‍: ടെസ്റ്റും ഏകദിനവും പോലെ ലോക ക്രിക്കറ്റിന്‍റെ തലവര മാറ്റിയ ഫോര്‍മാറ്റ് തന്നെയാണ് ട്വന്‍റി 20 ക്രിക്കറ്റ്. ഇതിന്‍റെ ചുവടുപിടിച്ച് 2007 മുതല്‍ പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പ് പോരാട്ടം നടന്നുവരുന്നു. കുട്ടിക്രിക്കറ്റിലെ ലോക പോരാട്ടങ്ങളുടെ എട്ടാം എഡിഷനാണ് 2022ല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്നത്. മുമ്പ് നടന്ന ഏഴ് ടൂര്‍ണമെന്‍റുകളില്‍ കന്നിക്കിരീടം ടീം ഇന്ത്യക്കായിരുന്നു എങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് രണ്ടുതവണ കിരീടം നേടിയിട്ടുള്ള ഏക ടീം. വിവിധ ടീമുകളുടെ കണ്ണീരും പുഞ്ചിരിയും വിടര്‍ന്ന പുരുഷ ടി20 ലോകകപ്പിന്‍റെ ചരിത്രം പരിശോധിക്കാം. 

ആദ്യ ലോകകപ്പ് ഇന്ത്യക്ക്

Latest Videos

ദക്ഷിണാഫ്രിക്കയില്‍ 2007ല്‍ നടന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. വാണ്ടറേര്‍സില്‍ നടന്ന ആവേശഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. മലയാളി താരം ശ്രീശാന്തിന്‍റെ ക്യാച്ചാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ലോര്‍ഡ്‌സിലെ കലാശപ്പോരില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടമുയര്‍ത്തി. 2010ലെ മൂന്നാം ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസില്‍ വച്ച് ഓസ്ട്രേലിയയെ തളച്ച് ഇംഗ്ലണ്ട് കിരീടം നേടി. ഇംഗ്ലണ്ടിന്‍റെ ആദ്യ ലോകകപ്പ് കിരീടവും ഇതുതന്നെ. 2012ല്‍ നടന്ന നാലാം എഡിഷനില്‍ ശ്രീലങ്കയായിരുന്നു വേദി. ആതിഥേയരെ മലര്‍ത്തിയടിച്ച് അന്ന് ടി20 ശക്തികളായി വെസ്റ്റ് ഇന്‍ഡീസ് മാറി. 2014ല്‍ ബംഗ്ലാദേശ് വേദിയായ ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്കയ്ക്കായിരുന്നു കിരീടം. 2016ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ആറാം ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തി. ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു കിരീടധാരണം. 2020ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ലേക്ക് മാറ്റിവച്ചപ്പോള്‍ ഓസീസ് ആദ്യമായി ടി20 ലോകകപ്പ് കിരീടമുയര്‍ത്തി. ദുബായിലെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചായിരുന്നു കിരീടം. 

ഇന്ത്യയുടെ വീഴ്‌ചകള്‍

2007ല്‍ ചാമ്പ്യന്‍മാരായ ഇന്ത്യ 2009ലും 2010ലും 2012ലും രണ്ടാം റൗണ്ടില്‍ പുറത്തായി. 2014ല്‍ റണ്ണേഴ്‌സ്-അപ്പായപ്പോള്‍ തൊട്ടടുത്ത ലോകകപ്പില്‍(2016) സെമിയില്‍ മടങ്ങി. യുഎഇ വേദിയായ കഴിഞ്ഞ ലോകകപ്പിലാവട്ടെ രണ്ടാം റൗണ്ടില്‍ മടങ്ങാനായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ വിധി. 

ട്വന്‍റി 20 ലോകകപ്പിന്‍റെ എട്ടാം എഡിഷനാണ് ഓസ്‌ട്രേലിയയില്‍ തുടക്കമായിരിക്കുന്നത്. പതിനാറ് ടീമുകളാണ് ഓസ്ട്രേലിയയിൽ ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12ൽ ഇടംപിടിച്ചുകഴിഞ്ഞു. എട്ട് ടീമുകൾ സൂപ്പർ12ലെ ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്കായി മാറ്റുരയ്ക്കുന്നു. നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎഇ, ശ്രീലങ്ക, സ്‌കോട്‌ലന്‍ഡ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ നമീബിയ 55 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമായത്. ഈ മാസം 22ന് ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ തമ്മിലാണ് സൂപ്പർ-12ലെ ആദ്യ മത്സരം. നവംബർ 13ന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ. 

ടി20 ലോകകപ്പ്: ബുമ്രയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ ഷമി തന്നെ; കാരണങ്ങള്‍ നിരത്തി സച്ചിന്‍

click me!