ടി20 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ടിന് എത്ര കോടി കിട്ടി; സെമിയില്‍ പുറത്തായ ടീം ഇന്ത്യക്കോ?

By Jomit Jose  |  First Published Nov 14, 2022, 4:44 PM IST

ടി20 വിശ്വ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 13.84 കോടി ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുകയായി ഐസിസിയില്‍ നിന്ന് കിട്ടിയത്


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിന് ഇംഗ്ലണ്ടിന്‍റെ കിരീടധാരണത്തോടെ തിരശ്ശീല വീണിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം സാക്ഷ്യം വഹിച്ച കലാശപ്പോരില്‍ പാകിസ്ഥാനെ കീഴടക്കിയായിരുന്നു ജോസ് ബട്‍ലറും സംഘവും കിരീടമുയർത്തിയത്. ടൂർണമെന്‍റിലെ ജേതാക്കളായ ഇംഗ്ലീഷ് ടീമിന് എത്ര ഇന്ത്യന്‍ രൂപ സമ്മാനത്തുകയായി കിട്ടി, സെമിയില്‍ പുറത്തായ ടീം ഇന്ത്യക്കോ?

ടി20 വിശ്വ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 13.84 കോടി ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുകയായി ഐസിസിയില്‍ നിന്ന് കിട്ടിയത്. റണ്ണറപ്പുകളായ പാകിസ്ഥാന് 7.40 കോടി രൂപയും. സെമിയില്‍ ഇംഗ്ലണ്ടിന് തോറ്റ് പുറത്തായ ടീം ഇന്ത്യക്ക് 4.50 കോടിയാണ് ലോകകപ്പ് വകയായി ലഭിച്ചതെങ്കില്‍ മറ്റൊരു സെമി ഫൈനലിസ്റ്റായിരുന്ന ന്യൂസിലന്‍ഡിന് 4.19 കോടി കിട്ടി. ഓസ്ട്രേലിയ(1.53 കോടി), ദക്ഷിണാഫ്രിക്ക(1.20 കോടി), ബംഗ്ലാദേശ്(1.20 കോടി), ശ്രീലങ്ക(1.85 കോടി), വെസ്റ്റ് ഇന്‍ഡീസ്(64.40 ലക്ഷം), അഫ്ഗാനിസ്ഥാന്‍(56.35 ലക്ഷം), സിംബാബ്‍വെ(88.50 ലക്ഷം), അയർലന്‍ഡ്(1.53 കോടി), യുഎഇ(64.40 ലക്ഷം), സ്കോട്‍ലന്‍ഡ്(64.40 ലക്ഷം), നമീബിയ(64.40 ലക്ഷം), നെതർലന്‍ഡ്സ്(1.85 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പ്രതിഫലം.  

Latest Videos

undefined

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സേ സ്വന്തമാക്കിയുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണ് ടോപ് സ്കോറർ. 4 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റുമായി സാം കറന്‍ തിളങ്ങി. ക്രിസ് ജോർദാനും ആദില്‍ റഷീദും രണ്ട് വീതവും ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52* റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാം കറന്‍ ഫൈനലിലെയും ടൂർണമെന്‍റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 

പതിവ് മുടങ്ങിയില്ല; ലോകകപ്പ് ഫൈനലിന് ശേഷം ഇത്തവണയും ധർമ്മസേനയുടെ സെല്‍ഫി, കൂടെ ആര്?
 


 

click me!