ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക അംഗീകരിച്ചുകൊണ്ട് ഐ സി സി ചാമ്പ്യൻസ് ട്രോഫി നടത്താൻ സമ്മതമാണെന്ന് പി സി ബി അറിയിച്ചതായാണ് വിവരം
മുംബൈ: ഐ സി സി ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ( ബി സി സി ഐ ) യുമായി നിലനിന്നിരുന്ന തർക്കത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തണമെന്ന ബി സി സി ഐ ആവശ്യത്തിന് മുന്നിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുട്ടുമടക്കിയതായാണ് വ്യക്തമാകുന്നത്. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക അംഗീകരിച്ചുകൊണ്ട് ഐ സി സി ചാമ്പ്യൻസ് ട്രോഫി നടത്താൻ സമ്മതമാണെന്ന് പി സി ബി അറിയിച്ചതായാണ് വിവരം. ബി സി സി ഐ മുന്നോട്ടുവച്ച ഹൈബ്രിഡ് മാതൃക അംഗീകരിക്കില്ലെന്നും ടൂർണമെന്‍റ് തന്നെ ബഹിഷ്കരിച്ചേക്കുമെന്നുള്ള നിലപാട് പി സി ബി വിഴുങ്ങിയതായാണ് ഐ സി സി വൃത്തങ്ങൾ പറയുന്നത്.
ക്രിക്കറ്റിന്‍റെ നന്മയ്ക്ക് ആവശ്യമായതെന്തും ചെയ്യുമെന്ന് പി സി ബി ചെയർമാൻ തന്നെ പരസ്യമായി പ്രതികരിച്ചു. ഇത് ബി സി സി ഐ നിലപാട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചുവെന്നതിന്‍റെ ഉദാഹരണമാണെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരം ദുബായിൽ തന്നെ നടക്കും. ഐ സി സി വിഹിതം കൂട്ടണം എന്ന പി സി ബി നിർദേശത്തിൽ ചർച്ച തുടരുമെന്നാണ് വ്യക്തമാകുന്നത്. 2031 വരെ ഇന്ത്യയിൽ കളിക്കാതിരിക്കാൻ പാകിസ്ഥാനെ അനുവദിക്കണമെന്ന ആവശ്യവും പി സി ബി മുന്നോട്ട് വച്ചതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ അക്കാര്യത്തിലും ചർച്ചകൾ തുടരും.
നേരത്തെ ഹൈബ്രിഡ് മാതൃകയെന്ന ബി സി സി ഐയുടെ നിലപാടിന് ഐ സി സിയിൽ പിന്തുണയേറുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് ബോർഡ് അംഗങ്ങൾ നിലപാടെടുത്തെന്ന വാർത്തകളാണ് പുറത്തുവന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തുന്നതിനോട് ബോർഡ് അംഗങ്ങൾ യോജിപ്പ് പ്രകടിപ്പിച്ചതോടെ ഐ സി സിയിൽ പാകിസ്ഥാൻ ഒറ്റപ്പെട്ട നിലയിലായി. ഇതോടെയാണ് ബി സി സി ഐയുടെ തീരുമാനത്തിന് മുന്നിൽ പി സി ബിക്ക് മുട്ടുമടക്കേണ്ടിവന്നതെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം