റണ്‍സ് കണ്ടെത്തുന്നു, ഭാരം കുറച്ചു, എന്നിട്ടും ടീമിലെടുക്കുന്നില്ല; തുറന്നുപറ‌‌ഞ്ഞ് പൃഥ്വി ഷാ

By Jomit Jose  |  First Published Oct 8, 2022, 11:49 AM IST

കഴിഞ്ഞ സീസണ്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മികച്ച പ്രകടനം താരം പുറത്തെടുത്തിയിരുന്നു


മുംബൈ: ഒരേസമയം രണ്ട് ടീമുകള്‍, ഒരു ടീം ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍, രണ്ടാം ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുന്നു. രണ്ട് ടീമുകളായി വളര്‍ന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരം കാത്തിരിക്കുന്ന താരങ്ങള്‍ ഇനിയുമേറെ. ഇവരിലൊരാളാണ് ഓപ്പണര്‍ പൃഥ്വി ഷാ. വലിയ പ്രതീക്ഷയോടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരം പിന്നാലെ പരിക്കും ഫോമില്ലായ്‌മയും കാരണം പുറത്താവുകയായിരുന്നു. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചുകൂട്ടിയിട്ടും അവസരമില്ല എന്നാണ് താരം പറയുന്നത്. 

'ഞാന്‍ നിരാശനാണ്, ഞാന്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്. ഏറെ കഠിനപ്രയത്‌നം നടത്തുന്നുമുണ്ട്. എന്നാല്‍ ടീമില്‍ അവസരം ലഭിക്കുന്നില്ല. എന്നാലത് അംഗീകരിക്കുന്നു. ഞാന്‍ റെഡിയാണ് എന്ന് തോന്നുമ്പോള്‍ കളിക്കാനുള്ള അവസരം സെലക്‌ടര്‍മാര്‍ തരും. ഇന്ത്യ എയോ ഏതുമാവട്ടെ, ഏത് ടീമിനായി കളിക്കാനാണോ അവസരം ലഭിക്കുന്നത് അപ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും. ഫിറ്റ്‌നസ് നിലനിര്‍ത്താനും ഏറ്റവും മികച്ച പരിശ്രമം നടത്തും. 

Latest Videos

ബാറ്റിംഗില്‍ ഞാന്‍ ഏറെ മാറ്റങ്ങള്‍ക്ക് തയ്യാറായിട്ടില്ല. എന്നാല്‍ ഫിറ്റ്‌നസില്‍ ഏറെക്കാര്യങ്ങള്‍ ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ ശേഷം ഏഴ്-എട്ട് കിലോയോളം ഭാരം കുറച്ചു. ജിമ്മില്‍ ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. ഏറെ ഓടി, മധുരമോ ശീതളപാനിയങ്ങളോ ഉപയോഗിക്കുന്നില്ല. എന്‍റെ ഭക്ഷണ മെനുവില്‍ നിന്ന് ചൈനീസ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. മുഷ്‌താഖ് അലി ട്രോഫിക്കായി എല്ലാ താരങ്ങളും നല്ല ഫിറ്റ്‌നസിലാണ്. ഞങ്ങള്‍ക്ക് മികച്ച ഓള്‍റൗണ്ടര്‍മാരും ബൗളര്‍മാരും ബാറ്റര്‍മാരുമുണ്ട്. ഇത് ശക്തമായ ടീമാണെന്ന് വിശ്വസിക്കുന്നു' എന്നും പൃഥ്വി ഷാ പറഞ്ഞു. 

മുഷ്‌താഖ് അലി ട്രോഫിയില്‍ മുംബൈക്കായാണ് പൃഥ്വി ഷാ ഇനി ഇറങ്ങേണ്ടത്. കഴിഞ്ഞ സീസണ്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മികച്ച പ്രകടനം താരം പുറത്തെടുത്തിയിരുന്നു. അടുത്തിടെ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായമായ 77 റണ്‍സും ഷാ നേടി. സീനിയര്‍ ടീം ലോകകപ്പിനായി ഓസ്‌ട്രേലിയയിലായതിനാല്‍ ശുഭ്‌മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, രജത് പടിദാര്‍ തുടങ്ങിയ യുവതാരങ്ങളുള്ള ടീമിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിപ്പിക്കുമ്പോള്‍ പൃഥ്വി ഷായ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. 

അതൊന്നും ചിന്തിക്കേണ്ട; ടി20 ലോകകപ്പില്‍ വിജയിക്കാന്‍ ടീം ഇന്ത്യക്ക് മന്ത്രം പറഞ്ഞുകൊടുത്ത് രവി ശാസ്‌ത്രി

click me!