ടി20 ലോകകപ്പ്: ഇന്ത്യക്ക് ഇരുട്ടടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

By Gopala krishnan  |  First Published Sep 29, 2022, 4:07 PM IST

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പിന്നാല ജസ്പ്രീത് ബുമ്രയും പരിക്കേറ്റ് പിന്‍മാറുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ഡെത്ത് ബൗളിംഗില്‍ നിറം മങ്ങുന്ന ഇന്ത്യന്ർ പേസ് നിരക്ക് ബുമ്രയുടെ മടങ്ങിവരവ് ആശ്വാസകരമാകുമെന്ന് കരുതിയിരിക്കെയാണ് ബുമ്രക്ക് വീണ്ടും പരിക്കേല്‍ക്കുന്നത്.


മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Latest Videos

undefined

ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്ത വിശ്രമത്തിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ ബുമ്രക്ക് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു.

എവിടെ എറിഞ്ഞാലും അടിക്കും, എന്നാലും ഇങ്ങനെയുണ്ടോ സിക്‌സ്; വൈറലായി സൂര്യകുമാറിന്‍റെ ഷോട്ട്- വീഡിയോ

അതേസമയം, ബുമ്രയുടെ നടുവിനേറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പില്‍ കളിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ബിസിസിഐ പ്രതിനിധി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുമ്രക്ക് മത്സര ക്രിക്കറ്റില്‍ ആറ് മാസത്തോളം വിട്ടു നില്‍ക്കേണ്ടിവന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിന്നാല ജസ്പ്രീത് ബുമ്രയും പരിക്കിനെത്തുടര്‍ന്ന് പിന്‍മാറുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഏഷ്യാ കപ്പിലും ഓസീസിനെതിരായ ടി20 പരമ്പരയിലും ഡെത്ത് ബൗളിംഗില്‍ നിറം മങ്ങുന്ന ഇന്ത്യന്‍ പേസ് നിരക്ക് ബുമ്രയുടെ മടങ്ങിവരവ് ലോകകപ്പില്‍ ആശ്വാസകരമാകുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്.

നേരത്തെ ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്ത ബുമ്രയെ ഓസീസിനെതിരായ പരമ്പരയില്‍ തിരിക്കിട്ട് കളിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് ബുമ്രയെ ലോകകകപ്പ് ടീമിലെടുത്തതെന്നും ഓസീസിനെതിരെ കളിപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു. ഓസ്ട്രേലിയിയല്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയാവേണ്ട പേസറെ പരിക്ക് പൂര്‍ണമായും മാറും മുമ്പ് കളിപ്പിക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്കെതിരെ ഉയരുന്നത്.

ടി20 ലോകകപ്പ്: മികവ് കാട്ടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരുമായി മാര്‍ക്ക് വോ; ഇന്ത്യയില്‍ നിന്ന് ഒരാള്‍

എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ നിറം മങ്ങുകയും ഹര്‍ഷല്‍ പട്ടേല്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയും ചെയ്തോടെ ബുമ്രയെ ഓസീസിനെതിരായ രണ്ടാം ടി20യില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് നിര്‍ബന്ധിതരാവുകയായിരുന്നു. മഴ മൂലം എട്ടോവര്‍ വീതമാക്കി കുറച്ചിരുന്ന ഓസീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ ബുമ്ര 20ലേറെ റണ്‍സ് വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തിലാകട്ടെ ബുമ്ര നാലോവറില്‍ 50 റണ്‍സിലേറെ വഴങ്ങി നിറം മങ്ങി. ഇതിന് പിന്നാലെയാണ് പരിക്കും എത്തുന്നത്.

click me!