പിങ്ക് ബോൾ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് ഇരുട്ടടി, പരിക്കേറ്റ സ്റ്റാർ പേസർ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

By Web Team  |  First Published Nov 30, 2024, 10:03 AM IST

ഹേസല്‍വുഡിന്‍റെ അഭാവത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സ്കോട് ബോളണ്ട് പകരക്കാരനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പരിക്ക്. പരിക്കുള്ള ഹേസല്‍വുഡ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന്‍റെ അഭാവം അഡ്‌ലെയ്ഡില്‍ ഓസീസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ഹേസല്‍വുഡിന്‍റെ പകരക്കാരായി ഷോണ്‍ ആബട്ട്, ബ്രെണ്ടന്‍ ഡോഗറ്റ് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. ഹേസല്‍വുഡ് ടീമിനൊപ്പം തുടരുമെന്നും മൂന്നാം ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest Videos

ഈ താരത്തിന്‍റെ പ്രതിഫലം കൂടിയത് 55 ഇരട്ടി, ഐപിഎല്‍ ലേലത്തില്‍ പ്രതിഫല വർധനയില്‍ ഒന്നാമൻ പന്തോ ശ്രേയസോ അല്ല

ഹേസല്‍വുഡിന്‍റെ അഭാവത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സ്കോട് ബോളണ്ട് പകരക്കാരനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹേസല്‍വുഡിന് പുറമെ, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും നേരിയ പരിക്കുള്ളതിനാല്‍ ബ്യൂ വെബ്‌സ്റ്ററെ ഓസ്ട്രേലിയ ടീമിലുള്‍പ്പെടുത്തിയിരുന്നു.

പെര്‍ത്ത് ടെസ്റ്റില്‍ നായകന്‍ പാറ്റ് കമിന്‍സ് നിറം മങ്ങിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്തത് ഹേസല്‍വുഡായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രമെ ഹേസല്‍വുഡിന് വീഴ്ത്താനായിരുന്നുള്ളു. കഴിഞ്ഞ പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായ മത്സരത്തില്‍ എട്ടു റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ത് ഹേസല്‍വുഡായിരുന്നു.

JUST IN: Josh Hazlewood ruled out of the second Test with uncapped duo called up. Full details 👇https://t.co/ZHrw3TUO8a

— cricket.com.au (@cricketcomau)

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താമെന്ന ഓസീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ഹേസല്‍വുഡിന്‍റെ പരിക്ക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!