കാര്യവട്ടം ടി20: ആവേശം ഒരു നിമിഷം പോലും ചോരരുത്; കണ്ണിമചിമ്മാതെ കളികാണാന്‍ ഈ വഴികള്‍

By Jomit Jose  |  First Published Sep 27, 2022, 6:14 PM IST

കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. 


തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യുടെ ആരവത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. സഞ്ജു സാംസണ്‍ ടീമിലില്ലെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരമെത്തുന്നത് എന്നതിനാല്‍ പോരാട്ടം ആവേശമാകുമെന്നുറപ്പ്. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുണ്ട്. നാളെ(സെപ്റ്റംബര്‍ 28) രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് മുതല്‍ മത്സരത്തിന്‍റെ ആവേശമൊട്ടും ചോരാതെ കാര്യവട്ടത്തെ കളി കാണാനുള്ള വഴികള്‍ അറിയാം. 

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സ് 1, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്പോര്‍ട്‌സ് ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി ഹിന്ദി എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ വഴി ഓണ്‍ലൈനിലും മത്സരം കാണാം. മത്സരദിനം രാവിലെ ഏഴ് മണിമുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ടി20യുടെ അവലോകനങ്ങളും തല്‍സമയ വിവരങ്ങളും അറിയാം. 

Latest Videos

കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മത്സരത്തിനായി ഇരു ടീമുകളും നേരത്തെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര. ടി20 ലോകകപ്പിന് മുമ്പ് ഇരു ടീമിനും അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്താനും ഉചിതമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനുമുള്ള അവസരമാണിത്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര. 

ക്യാപ്റ്റന്‍ സഞ്ജു മുന്നില്‍ നിന്ന് നയിച്ചു; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ

click me!