28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ യുവരാജ് സിംഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഓര്‍ക്കാതെ വയ്യ.
അടുത്തിടെയായിരുന്നു ധോണിക്ക് കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയതിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചത്. മുംബൈ വാഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയ്‌ക്കെതിരെ ധോണി സിക്‌സര്‍ നേടിയതോടെയാണ് ഇന്ത്യ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ യുവരാജ് സിംഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഓര്‍ക്കാതെ വയ്യ. എന്നാല്‍ കാണാതിരുന്ന ചില കാമിയോ പ്രകടനങ്ങള്‍കൂടി ഓര്‍ക്കേണ്ടതുണ്ട്. ആരും പാടിപ്പുകഴ്ത്താതെ പോയ 2011 ലോകകപ്പിലെ മൂന്ന് പ്രകടനങ്ങളെ കുറിച്ചറിയാം...
1. വിരാട് കോലി- ശ്രീലങ്കയ്‌ക്കെതിരെ 49 പന്തില്‍ 35
undefined
ഫൈനലിലായിരുന്നു കോലിയുടെ കാമിയോ ഇന്നിങ്‌സ്. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിരേന്ദര്‍ സെവാഗിനേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും നഷ്ടമായിരുന്നു. ലസിസ് മലിംഗയ്ക്കായിരുന്നു വിക്കറ്റുകള്‍. ഇന്ത്യന്‍ ടീം ആരാധകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ സമയം. സ്‌കോര്‍ബോര്‍ രണ്ടിന് 31 അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് കോലി ക്രിസീലെത്തുന്നത്. ഗംഭീറിനൊപ്പം കൂടിയ കോലി ഇന്ത്യയെ നേര്‍വഴിക്ക് നയിച്ചു. ലോകക്രിക്കറ്റില്‍ ഇപ്പോഴത്തെ മികച്ച ബാറ്റ്‌സ്മാനായ കോലി അന്നുതന്നെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. സിംഗിളുകളും ഡബ്ബിളുകളുണ് കോലിയുടെ ഇന്നിങ്‌സ് നയിച്ചത്.
ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് കോലിക്ക് നന്നായി അറിയാമായിരുന്നു. മാത്രമല്ല സീനിയറായ ഗംഭീറിനെ ഫ്രീയായി കളിക്കാന്‍ വിടുകയും ചെയ്തു. 22കാരനായ കോലി പ്രായത്തില്‍ കവിഞ്ഞ പക്വത കാണിച്ചു. ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി അപകടകാരിയായി മാറുന്നതിനിടെയാണ് തിലകരത്‌നെ ദില്‍ഷന്റെ കയ്യില്‍ ഒതുങ്ങിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഗംഭീറിനൊപ്പം കോലി അടിച്ചെടുത്ത റണ്‍സാണ്. ഇരുവരും 97 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കോലി മടങ്ങിയെങ്കിലും ധോണിയുടെ അവസരോചിത ഇന്നിങ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
2. വിരേന്ദര്‍ സെവാഗ്- പാകിസ്ഥാനെതിരെ 25 പന്തില്‍ 38
മൊഹാലിയില്‍ പാകിസ്ഥാനെതിരെ രണ്ടാം സെമിയില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ്ങായിരുന്നു. സ്ലോ ട്രാക്ക് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നതിന് മുമ്പ് വിരേന്ദര്‍ സെവാഗ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. മത്സരത്തിലെ ആദ്യ പന്ത് തന്നെ അദ്ദേഹം ബൗണ്ടറിയിലേക്ക് പായിച്ച് സെവാഗ് വരാനുള്ള വെടിക്കെട്ടിന്റെ സൂചന നല്‍കി. ഉമര്‍ ഗുല്ലിനെതിരെ തകര്‍പ്പന്‍ കവര്‍ഡ്രൈവ്. പിന്നാലെ മത്സരത്തിന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ ഗുല്ലിന് കണക്കിന് കിട്ടി. അഞ്ച് ബൗണ്ടറികളാണ് ആ ഓവറില്‍ പിറന്നത്.
ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 38 റണ്‍സാണ് സെവാഗ് നേടിയത്. എന്നാല്‍ വഹാബ് റിയാസിന്റെ പന്തില്‍ സെവാഗ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എങ്കിലും പാകിസ്ഥാന്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം കെടുത്തുന്ന ഒരു തുടക്കം സെവാഗ് നല്‍കിയിരുന്നു. സെവാഗ് മടങ്ങുമ്പോല്‍ ഇന്ത്യയുടെ സ്‌കോര്‍ 5.5 ഓവറില്‍ 48 റണ്‍സായിരുന്നു. പിന്നാലെ സച്ചിന്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. 115 പന്തില്‍ 85 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 49.5 ഓവറില്‍ 231ന് എല്ലാവരും പുറത്തായി.
3. സുരേഷ് റെയ്‌ന- ഓസ്‌ട്രേലിയക്കെതിരെ 28 പന്തില്‍ 34*
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്‌സിന്റെ സെഞ്ചുറിയായിരുന്നു സവിശേഷത. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. സച്ചിനും (53), ഗംഭീറും (50) നിരാശപ്പെടുത്തിയില്ല. എന്നാല്‍ കോലി (24), സെവാഗ് (15), ധോണി എന്നിവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 75 പന്തില്‍ 74 റണ്‍സ് വേണമെന്നിരിക്കെയാണ് സുരേഷ് റെയ്‌ന ക്രീസിലേക്കെത്തുന്നത്.
റെയ്‌നയ്‌ക്കൊപ്പം യുവരാജ് സിംഗായിരുന്നു ക്രീസില്‍. മികച്ച ഫോമില്‍ നില്‍ക്കുന്ന യുവരാജിനെ പിന്തുണക്കുക മാത്രമെ റെയ്‌ന ചെയ്യേണ്ടിയിരുന്നുള്ളൂ. അത് റെയ്‌ന ഭംഗിയായി പൂര്‍ത്തിയാക്കി. ശ്രദ്ധയോടെ ബാറ്റ് വീശിയ റെയ്‌ന ഓസീസ് ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. പക്വത കാണിച്ച താരം യുവിക്ക് പിന്തുണ നല്‍കുകയും ചെയ്തു. 14 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുമ്പോള്‍ റെയ്‌ന ഒരു സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 34 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. യുവരാജും (65 പന്തില്‍ 57) പുരത്താവാതെ നിന്നു.