എന്തുകൊണ്ട് കെ എല്‍ രാഹുല്‍ അഫ്‌ഗാന്‍ പരമ്പരയ്‌ക്കില്ല, കാരണം പുറത്ത്; സഞ്ജു സാംസണ് സന്തോഷ വാര്‍ത്ത

By Web Team  |  First Published Jan 8, 2024, 10:46 AM IST

രാഹുലിന് ടീം സെലക്ഷനില്‍ ചില ഘടകങ്ങള്‍ പ്രതികൂലമായി എന്നാണ് റിപ്പോര്‍ട്ട്


മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്‍റി 20കള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന അസാന്നിധ്യങ്ങളിലൊന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലായിരുന്നു. ലോകകപ്പ് വര്‍ഷത്തില്‍ രാഹുലിനെ ടീമിലെടുക്കാത്തത് ഏവരെയും അമ്പരപ്പിച്ചു. എന്നാല്‍ രാഹുലിന് ടീം സെലക്ഷനില്‍ ചില ഘടകങ്ങള്‍ പ്രതികൂലമായി എന്നാണ് റിപ്പോര്‍ട്ട്. 

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ട്വന്‍റി 20 സ്ക്വാഡിലേക്ക് ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതോടെ കെ എല്‍ രാഹുലിന് ബാറ്റിംഗ് ക്രമത്തില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കാതെ പോവുകയായിരുന്നു. രാഹുല്‍ കൂടുതല്‍ രാജ്യാന്തര ട്വന്‍റി 20 മത്സരങ്ങള്‍ കളിച്ചത് ഓപ്പണറുടെ റോളിലായിരുന്നു. എന്നാല്‍ നിലവിലെ സ്ക്വാഡില്‍ രോഹിത്തിന് പുറമെ യശസ്വി ജയ്‌സ്വാളും ശുഭ്‌മാന്‍ ഗില്ലും ഓപ്പണറുടെ റോളിലുണ്ട്. ഗില്‍-യശസ്വി സഖ്യത്തിന്‍റെ വരവ് ടി20 ടീമില്‍ രാഹുലിന്‍റെ സ്ഥാനം തുലാസിലാക്കി. മധ്യനിരയില്‍ കളിപ്പിക്കാന്‍ പോലും രാഹുലിന് സാധ്യതയില്ല എന്നതാണ് വസ്തുത. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ഫിനിഷര്‍മാരുമായും സ‌ഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ എന്നിവരെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്.  

Latest Videos

രാജ്യാന്തര ടി20യില്‍ വിക്കറ്റ് കീപ്പിംഗും ഫിനിഷറുടെ റോളും രാഹുലിന് ഒരുപോലെ ഇതുവരെ വഴങ്ങിയിട്ടില്ല. വരുന്ന ഐപിഎല്‍ 2024ല്‍ ഈ സ്ഥാനങ്ങളില്‍ മികവ് കാട്ടുക മാത്രമാണ് ദേശീയ ടി20 ടീമിലേക്ക് മടങ്ങിവരാന്‍ രാഹുലിന് മുന്നിലുള്ള പോംവഴി. എന്നാല്‍ ഐപിഎല്ലിലും ഓപ്പണറുടെ റോളിലാണ് രാഹുല്‍ കളിച്ചുവരുന്നത്. അതേസമയം അഫ്‌ഗാനെതിരെ തിളങ്ങിയാല്‍ ഫിനിഷറുടെ റോളില്‍ സഞ്ജു സാംസണിന് കസേര ഉറപ്പിക്കാനും സാധിക്കും. ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി ദക്ഷിണാഫ്രിക്കയില്‍ നേടിയത് സഞ്ജുവിന് അഫ്‌ഗാനെതിരായ ടീം തെരഞ്ഞെടുപ്പില്‍ അനുകൂലമായ ഘടകമാണ്. 

അതേസമയം എന്തുകൊണ്ടാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ അഫ്‌ഗാനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയിലേക്ക് പരിഗണിക്കാതിരുന്നത് എന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണം പറഞ്ഞ് ഇഷാന്‍ പിന്‍മാറിയിരുന്നു. ഇഷാന്‍റെ ഈ പിന്‍മാറ്റത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ വെളിവായിട്ടില്ല. 

അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍. 

Read more: തിരിഞ്ഞുനിന്ന് ആരാധകന്‍റെ മുഖത്ത് ഒറ്റയടി; ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും വിവാദത്തില്‍, വീഡിയോ വ്യാപകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!